
ബംഗളൂരു: മുസ്ലിം പള്ളിയുടെ രൂപത്തിലുള്ള ബസ് സ്റ്റാൻഡ് ഉടൻ പുതുക്കി പണിതില്ലെങ്കിൽ പൊളിക്കുമെന്ന കർണാടക ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പ്രസ്താവന വിവാദത്തിൽ. മൈസൂരു - ഊട്ടി റോഡിലാണ് കെട്ടിടം. എൻജിനിയർമാർ 34 ദിവസത്തിനകം പുതുക്കി പണിതില്ലെങ്കിൽ താൻ ജെ.സി.ബി കൊണ്ട് പൊളിക്കുമെന്നാണ് മൈസൂരു ലോക്സഭാംഗമായ പ്രതാപ് സിംഹയുടെ ഭീഷണി. ബസ് സ്റ്റാൻഡിന് രണ്ട് താഴികക്കുടങ്ങളുണ്ട്. നടുക്ക് വലുതും സമീപമുള്ളത് ചെറുതും. അത് മസ്ജിദ് പോലാണ്.
അതൊരു മസ്ജിദിന് മാത്രമാണെന്നുമാണ് പ്രതാപിന്റെ ഭാഷ്യം.
അതേസമയം ഹിജാബ് ധരിച്ച വിദ്യാർത്ഥികളോട് സ്‌കൂളിൽ പോകാതെ സർക്കാർ ഫണ്ട് നീക്കിവച്ചിരിക്കുന്ന 'മദ്രസ"യിൽ പോകാൻ പ്രതാപ് സിംഹ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. 2015ൽ ആരംഭിച്ച കർണാടക സർക്കാരിന്റെ ടിപ്പു സുൽത്താന്റെ ജന്മദിനാഘോഷങ്ങളെയും സിംഹ വിമർശിച്ചിരുന്നു. ടിപ്പു സുൽത്താൻ ഇസ്ലാമിസ്റ്റുകൾക്ക് മാത്രം മാതൃകയാകുമെന്നും അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നുമായിരുന്നു സിംഹയുടെ ആരോപണം.