
ബംഗളൂരു: ഒരു ബസ് സ്‌റ്റോപ്പിന്റെ രൂപത്തെ ചൊല്ലി വിവാദത്തിന് തിരികൊളുത്തി ബിജെപി എം.പി. കർണാടകയിലെ മൈസൂർ-കൊടഗ് ലോക്‌സഭ മണ്ഡലത്തിൽ നിന്നും വിജയിച്ച പ്രതാപ് സിംഹ ആണ് വിവാദമുണ്ടാക്കിയത്. ബസ് സ്‌റ്റോപ് കണ്ടാൽ പളളി പോലെയാണെന്നും മുകളിലെ രണ്ട് മീനാരങ്ങളിൽ ഒന്ന് വലുതും മറ്റൊന്ന് ചെറുതുമാണെന്ന് സിംഹ പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ താൻ പളളിയുടെ ചിത്രം കണ്ടു. അത് നീക്കണമെന്നാണ് സിംഹയുടെ ആവശ്യം. 'മൂന്നോ നാലോ ദിവസം ഞാൻ എഞ്ചിനീയർമാർക്ക് തരാം. അതിനകം മാറ്റിയില്ലെങ്കിൽ ജെസിബി കൊണ്ടുവന്ന് അത് ഞാൻ തകർക്കും' സിംഹ അഭിപ്രായപ്പെട്ടു.
മുൻപ് കർണാടകയിൽ ഹിജാബ് വിവാദമുണ്ടായപ്പോഴും പ്രതാപ് സിംഹ പ്രകോപനപരമായ പ്രസ്‌താവന നടത്തിയിരുന്നു. ഹിജാബ് ധരിച്ച വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് വരുന്നതിന് പകരം മദ്രസയിലേക്ക് പോകണം എന്നായിരുന്നു പ്രതാപ് സിംഹ നടത്തിയ പ്രസ്‌താവന. 'ഹിജാബോ, ബുർഖയോ തൊപ്പിയോ പൈജാമയോ ധരിച്ച് വരണമെങ്കിൽ നിങ്ങൾ മദ്രസയിലേക്ക് പോകൂ. നിങ്ങളുടെ അഭ്യർത്ഥന മാനിച്ച് മദ്രസകൾക്ക് സർക്കാർ ഫണ്ട് നീക്കിവച്ചിട്ടുണ്ട്.' എന്നാണ് അന്ന് പ്രതാപ് സിംഹ പറഞ്ഞത്. വിവാദത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ സിദ്ധറഹീം അയ്യ എന്നും അദ്ദേഹം പരിഹസിച്ചിരുന്നു.