
ജക്കാർത്ത: 17-ാം ജി 20 ഉച്ചകോടിക്കായി ലോകനേതാക്കളെ വരവേറ്റ് ഇൻഡോനേഷ്യയിലെ ബാലി. ഇന്നും നാളെയും റിസോർട്ട് മേഖലയായ നുസ ദുവയിലാണ് ഉച്ചകോടിയുടെ ഉന്നതതല സമ്മേളനം നടക്കുക. നാളെ നടക്കുന്ന സമാപന യോഗത്തിൽ ജി20യുടെ അടുത്ത അദ്ധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ കൈമാറും.
മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തുടങ്ങി കൂട്ടായ്മയിലെ അംഗരാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കും.
മോദി, ബൈഡൻ, ഋഷി സുനക്, ഷീ ജിൻപിംഗ് തുടങ്ങിയവർ ഇന്നലെ ബാലിയിലെത്തി. യു.എ.ഇയുൾപ്പെടെ ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളും ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് പകരം വിദേശകാര്യ മന്ത്രി സെർജി ലവ്റൊവാണ് പങ്കെടുക്കുക.
സ്ഥാനമൊഴിയുന്ന ബ്രസീൽ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോ പങ്കെടുക്കില്ല. ഇൻഡോനേഷ്യൻ പ്രസിഡന്റിന്റെ ക്ഷണപ്രകാരം യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഉച്ചകോടിയിൽ വെർച്വലായി അഭിസംബോധന നടത്തും. അതേസമയം ഉച്ചകോടിയോടനുബന്ധിച്ച് ഇന്നലെ നടന്ന ബി - 20 ബിസിനസ് ഫോറത്തിൽ ട്വിറ്റർ മേധാവി ഇലോൺ മസ്ക് വെർച്വലായി പങ്കെടുത്തു.
ഉച്ചകോടിയിൽ എന്തൊക്കെ
യുക്രെയിൻ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടെയാണ് ജി 20 നേതാക്കൾ ബാലിയിൽ ഒത്തുകൂടുന്നത്. കൂടാതെ സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാവ്യതിയാനം, ഉത്തര കൊറിയയുടെ ആണവ ഭീഷണി, തായ്‌വാൻ, കൊവിഡ് പുനരുജ്ജീവനം, ആരോഗ്യം, ഊർജം തുടങ്ങിയ വിവിധ വിഷയങ്ങളും ചർച്ചയാകും. കൊവിഡിന് ശേഷമുള്ള ജി 20 നേതാക്കളുടെ ഏറ്റവും വലിയ ഒത്തുകൂടലാണിത്. ഉച്ചകോടിക്കിടെ രാഷ്ട്രത്തലവൻമാരുടെ ഉഭയകക്ഷി ചർച്ചയും നടക്കും.
'കുടുംബ ചിത്രം" ഇല്ല
ജി 20 നേതാക്കൾ ഒത്തൊരുമിച്ചുള്ള പതിവ് 'കുടുംബ ചിത്രം" ഇത്തവണയുണ്ടാകില്ല. അംഗ രാജ്യമായ റഷ്യയുടെ സാന്നിദ്ധ്യമാണ് ഗ്രൂപ്പ് ഫോട്ടോ ഒഴിവാക്കാൻ കാരണം.
45 മണിക്കൂർ 20 യോഗം: വിശ്രമമില്ലാതെ മോദി
ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി ബാലിയിലെത്തിയ മോദി 45 മണിക്കൂറിനിടെ പങ്കെടുക്കുക 20 യോഗങ്ങളിൽ. ഉച്ചകോടിയിൽ ഭക്ഷ്യ - ഊർജ സുരക്ഷ, ഡിജിറ്റൽ, ആരോഗ്യം ഉൾപ്പെടെ സുപ്രധാന സെഷനുകളിൽ പങ്കെടുക്കുന്ന അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി നാളെ ഉഭയകക്ഷി ചർച്ച നടത്തും.
മറ്റ് ലോക നേതാക്കളുമായും മോദിയുടെ കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അറിയിച്ചു. മോദി ഇന്ന് ബാലിയിലെ കണ്ടൽക്കാടുകൾ സന്ദർശിക്കും. തുടർന്ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധ ചെയ്യും. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് മോദി ലോകനേതാക്കളെ ക്ഷണിക്കുംയും. നാളെ വൈകിട്ടോടെ അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കും.