
വളരെ നേരത്തേ കണ്ടെത്താൻ കഴിയുന്ന രോഗമാണ് സ്തനാർബുദം. ഇടയ്ക്കിടെ സ്വയം സ്തനപരിശോധന നടത്തുകയും തടിപ്പോ മുഴയോ പാടുകളോ അസ്വാഭാവികമായി കണ്ടാൽ ഡോക്ടറെ സമീപിക്കുകയും ചെയ്യണം. ഡോക്ടറെ കാണുമ്പോൾ പ്രാരംഭ ദശയിൽ തന്നെ രോഗനിർണയം നടത്താൻ ഉപകരിക്കുന്ന മാമോഗ്രാം എന്ന പരിശോധന നിർദ്ദേശിച്ചേക്കാം. അത്യാവശ്യമെങ്കിൽ നേരിയ സൂചിയുപയോഗിച്ച് മുഴകളിൽ നിന്ന് ദ്രവം കുത്തിയെടുത്ത് സൈറ്റോളജി പരിശോധന നടത്തും. പ്രാരംഭദശയിൽ കണ്ടുപിടിച്ചാൽ ലളിതമായ ചികിത്സകൾ കൊണ്ട് ഈ രോഗം ഭേദമാക്കാം. കണ്ടുപിടിക്കാൻ വൈകുന്തോറും രോഗം മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും ചികിത്സ സങ്കീർണമാവുകയും ചെയ്യും. സ്താനാർബുദ പ്രതിരോധം, സ്തനാർബുദ നിർണയം, സ്തനാർബുദ ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനായാണ് ഒക്ടോബർ മാസം ലോകമെമ്പാടും പിങ്ക് മാസമായി ആചരിക്കുന്നത്.