mamata-banerjee

കൊൽക്കത്ത: പശ്ചിമ ബംഗാളിനും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനുമെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.

സംസ്ഥാനത്തെ ക്ഷേമനിധികൾക്കുള്ള ഫണ്ട് തടയാൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട ബി.ജെ.പി നേതാക്കളുടേത് ബംഗാൾ വിരുദ്ധ നടപടിയാണ്. സംസ്ഥാനത്തിനെതിരായ ഗൂഢാലോചനയുടെ ഭാഗമായി സർക്കാരിനും തൃണമൂൽ കോൺഗ്രസിനുമെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം അഴിച്ചുവിടുകയാണ്. ശിശുദിനത്തിൽ സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് മമതയുടെ പ്രതികരണം.

പ്രൈമറി സ്‌കൂൾ അദ്ധ്യാപകരെ നിയമിക്കുന്നതിലെ ക്രമക്കേടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.എൽ.എ മണിക് ഭട്ടാചാര്യയെ അടുത്തിടെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് മമതയുടെ അഭിപ്രായ പ്രകടനം. അർഹമായത് തങ്ങളിൽ നിന്ന് അപഹരിക്കാൻ അവർക്ക് കഴിയില്ലെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാൾ ബോർഡുകളിലെ വിദ്യാർത്ഥികൾ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് ബോർഡുകൾ എന്നിവയിൽ നിന്നുള്ളവരുമായി മത്സരിക്കുന്നതിനാൽ മാർക്കിൽ കൂടുതൽ ഉദാരത കാണിക്കണമെന്നും ഉദ്യോഗസ്ഥരോട് മമത ആവശ്യപ്പെട്ടു.

സ്‌കൂൾ സർവീസ് കമ്മിഷൻ റിക്രൂട്ട്‌മെന്റ് അഴിമതിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെ ജൂലായിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പശുക്കടത്താരോപിച്ച് ടി.എം.സി ബിർഭം ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടലിനെ സി.ബി.ഐ ആഗസ്റ്റിലും അറസ്റ്റ് ചെയ്തു.