
അബുദാബി: ഖത്തർ ലോകകപ്പ് അരികിലെത്തിയിരിക്കെ ആരാധകരെ ആവേശത്തിൽ ആറാടിച്ച് ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ഇന്നലെ അബുദാബിയിൽ എത്തി അർജന്റീനൻ ടീമിനൊപ്പം ചേർന്നു. 
എയ്ഞ്ചൽ ഡി മരിയ, പരഡെസ് എന്നിവർക്കൊപ്പമാണ് അർജന്റീനയുടെ ക്യാപ്ടനായ മെസി ടീമിന്റെ അബുദാബിയിലെ പരിശീലന ക്യാമ്പിൽ എത്തിയത്. 
നാളെ യു.എ.ഇക്കെതിരെ അബുദാബിയിൽ നടക്കുന്ന അർജന്റീന ടീമിന്റെ ലോകകപ്പ് സന്നാഹ മത്സരത്തിൽ മെസി കളിച്ചേക്കും. മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവരുൾപ്പെട്ട ഗ്രൂപ്പ് സിയിലാണ് അർജന്റീന. 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
ബ്രസീൽ ടൂറിനിൽ
ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീൽ ലോകകപ്പിന് മുന്നോടിയായുള്ള പടയൊരുക്കത്തിനായി ഇറ്റലിയിലെ ടൂറിനിലെത്തി. ഈയാഴ്ച അവസാനത്തോടെയാകും ബ്രസീൽ ടീം ഖത്തറിലെത്തുക.  ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ നേരിടുന്ന ഇക്വഡോർ ടീം ഇന്നെത്തും.
ട്രോഫിയെത്തി
ഫുട്ബാളിലെ ലോകചാമ്പ്യൻമാർക്ക് നൽകുന്ന ട്രോഫി വൻകരകളിൽ പര്യടനം നടത്തി ലോകകപ്പ് വേദിയായ ഖത്തറിലത്തി. അമ്പതിലധികം രാജ്യങ്ങളിൽ പര്യടനം നടത്തിയ ശേഷമാണ് ലോകകപ്പ് ട്രോഫി ദോഹയിൽ എത്തിയത്. ലോകചാമ്പ്യൻമാർക്കോ  രാഷ്ട്രത്തലവൻമാർക്കോ മാത്രമേ ഫിഫ ട്രോഫിയിൽ തൊടാനാകൂ എന്ന ചട്ടമുള്ളതിനാൽ 1998ൽ ലോകകിരീടം നേടിയ ഫ്രഞ്ച് ടീമംഗം മാഴ്സൽ ദെസെയ്ലിയാണ് ഖത്തറിൽ ലോകകപ്പ് അനാവരണം ചെയ്തത്.
ഇന്ന് മുതൽ 18വരെ ട്രോഫി പൊതുജനങ്ങൾക്ക് കാണുവാനും ചിത്രങ്ങൾ എടുക്കാനും ദോഹയിലെ ആസ്പയർ പാർക്കിൽ വയ്ക്കും. കഴിഞ്ഞ മേയിൽ ദുബായിൽ നിന്നാണ് ട്രോഫിയുടെ പര്യടനം തുടങ്ങിയത്.
ടെർസ്റ്റീഗനില്ലാതെ ജർമനിയെത്തി
വൈവിധ്യം  വിജയിക്കുമെന്നെഴുതിയ പ്രത്യക ജറ്റ് വിമാനത്തിൽ ജർമൻ ടീം പരിശീലനത്തിനും സന്നാഹമത്സരത്തിനായി ഒമാനിൽ എത്തി.
അവരുടെ ബാഴ്സ ഗോൾ കീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റീഗൻ വയറിലെഅസുഖത്തെ തുടർന്ന് ഇന്നലെ ടീമിനൊപ്പം ഒമാനിലേക്ക് പോയില്ല. വ്യാഴാഴ്ച ജർമൻ ടീം ഒമാനുമായി സന്നാഹ മത്സരം കളിക്കും.