china-america

ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പുമായി ഷി ജിൻപിങ്. തായ്‌വാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകളെ ചൂണ്ടിക്കാട്ടി,​ നിയന്ത്രണ രേഖ ലംഘിക്കരുതെന്നായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ലോകം രണ്ട് രാജ്യങ്ങൾക്ക് തമ്മിൽ മത്സരിക്കാനും അതിനോടൊപ്പം തന്നെ അഭിവൃദ്ധി പ്രാപിക്കാനും തക്കവണ്ണം വിസ്തൃതമാണെന്നും അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരത്തെക്കുറിച്ച് ഷി ജിൻപിങ് പരോക്ഷമായി പരമാർശിച്ചു. ജി20 ഉച്ചകോടിയുടെ ഭാഗമായി ബാലിയിൽ നടന്ന ഇരു ലോകനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തായ്‌വാൻ വിഷയത്തെക്കുറിച്ച് പരാമർശമുണ്ടായത്.

നിലവിലെ ആഗോള സാഹചര്യത്തിൽ ചൈനയും അമേരിക്കയും സമാന താത്പര്യങ്ങളാണ് പങ്കുവെയ്ക്കുന്നതെന്നും ഇപ്പോഴുള്ള ലോകക്രമം മാറ്റുന്നതിന് ചൈന ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയും ഇതേ നിലപാട് തന്നെ സ്വീകരിച്ച് പരസ്പരം ബഹുമാനം നിലനിർത്തണമെന്നും ഷി ജിൻപിങ് അറിയിച്ചതായി ബെയ്ജിംഗ് വിദേശ മന്ത്രാലയം അറിയിച്ചു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ തായ്‌വാൻ വിഷയവും ചൈനീസ് പ്രസിഡന്റ് ജോ ബൈഡന് മുന്നാകെ ഉന്നയിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള പരസ്പര ബന്ധത്തിന് അടിസ്ഥാന ഫലകമാകുന്നത് തായ്‌വാൻ വിഷയമാണെന്നും അതിനാൽ അമേരിക്ക ഇക്കാര്യത്തിൽ നിയന്ത്രണ സീമ ലംഘിക്കരുതെന്നും ഷി ജിൻപിങ് അറിയിച്ചു.

തായ്‌വാൻ വിഷയം പരിഹരിക്കുന്നത് തങ്ങളുടെ ആഭ്യന്തര പ്രശ്നമാണെന്നും രാഷ്ട്ര തലവൻമാർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പരമാർശമുണ്ടായി. അമേരിക്കൻ പ്രസി‌ഡന്റായതിന് ശേഷം ജോ ബൈഡൻ ഷി ജിൻപിംഗുമായി ആദ്യമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യ യുക്രെയിൻ വിഷയവും ചർച്ച ചെയ്യപ്പെട്ടതായാണ് വിവരം.