
ജക്കാർത്ത: തായ്‌വാന് മേലുള്ള ചൈനയുടെ 'ചുവപ്പ് രേഖ" മറികടക്കരുതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെ ഇൻഡോനേഷ്യയിലെ ബാലിയിലെത്തിയ ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഷീയുടെ മുന്നറിയിപ്പ്.
പ്രസിഡന്റായശേഷം ബൈഡൻ ആദ്യമായാണ് ഷീയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.
തായ്‌വാൻ വിഷയത്തിൽ കൊമ്പുകോർത്ത ഇരുവരും യുക്രെയിൻ, ആണവായുധ വിഷയങ്ങളിൽ പരസ്പരം ഒത്തുചേർന്നുള്ള അഭിപ്രായങ്ങൾക്ക് ഊന്നൽ നൽകി. യുക്രെയിനിൽ മാത്രമല്ല ലോകത്തെവിടെയും ആണവായുധങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലെന്ന് ഇരുവരും വ്യക്തമാക്കി. യു.എസ് - ചൈന ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കണമെന്നും ഇരുവരും പറഞ്ഞു.
പരസ്പരം ചിരിച്ചുകൊണ്ട് ഹസ്തദാനം നൽകി തുടങ്ങിയ ഇരുവരുടെയും സംഭാഷണം മൂന്ന് മണിക്കൂർ നീണ്ടു. ഇരുരാജ്യങ്ങൾക്കും അഭിവൃദ്ധി പ്രാപിക്കാനും മത്സരിക്കാനും ഉതകുന്നത്ര വിശാലമാണ് ലോകമെന്നും ഷീ ബൈഡനോട് പറഞ്ഞു.
' യു.എസിനെ വെല്ലുവിളിക്കാനോ നിലവിലുള്ള അന്താരാഷ്ട്ര ക്രമം മാറ്റാനോ ചൈന ശ്രമിക്കുന്നില്ല. ഇരുപക്ഷവും പരസ്പരം ബഹുമാനത്തോടെ മുന്നോട്ട് പോകണം. തായ്‌വാൻ ചൈനയുടെ പ്രധാന താത്പര്യമാണ്. യുക്രെയിൻ സംഘർഷത്തിൽ ചൈനയ്ക്ക് അതിയായ ആശങ്കയുണ്ട്. ചൈന സമാധാനത്തിന്റെ പക്ഷത്താണ്. യുക്രെയിൻ - റഷ്യ സമാധാന ചർച്ചകളെ പ്രോത്സാഹിപ്പിക്കും. " ഷീ ബൈഡനോട് പറഞ്ഞു.
അതേ സമയം, തായ്‌വാനിലെ ചൈനയുടെ ആക്രമണാത്മക നടപടികൾ സമാധാനത്തെ അപകടത്തിലാക്കുന്നതായി ബൈഡൻ ചൂണ്ടിക്കാട്ടി. യു.എസ് ചൈനയുമായുള്ള ശക്തമായ മത്സരം തുടരുമെന്നും എന്നാൽ ഈ മത്സരം സംഘർഷത്തിലേക്ക് നീങ്ങരുതെന്നും ബൈഡൻ ഷീയെ ഓർമ്മിപ്പിച്ചു. ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ ഉത്തര കൊറിയയെ ലോകം പ്രാപ്തമാക്കണമെന്നും ഉത്തര കൊറിയൻ ഭീഷണി കുറയ്ക്കാനായില്ലെങ്കിൽ മേഖലയിൽ യു.എസിന് സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കേണ്ടി വരുമെന്നും ബൈഡൻ പറഞ്ഞു.
അതേസമയം, തായ്‌വാന് നേരെ ചൈനയിൽ നിന്ന് ഉടൻ ഒരു അധിനിവേശ ശ്രമം പ്രതീക്ഷിക്കുന്നില്ലെന്നും ചില വിഷയങ്ങളിൽ ഷീ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ബൈഡൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈന സന്ദർശിക്കുമെന്ന് ബൈഡൻ - ഷീ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വൈറ്റ് ഹൗസ് അറിയിച്ചു. 2018ന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ ചൈന സന്ദർശിക്കാനൊരുങ്ങുന്നത്.