
ജക്കാർത്ത : 17-ാം ജി 20 ഉച്ചകോടിക്കായി ഇൻഡോനേഷ്യയിലെ ബാലിയിൽ ഇന്നലെ എത്തിയതിന് പിന്നാലെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിച്ച റിപ്പോർട്ടുകൾക്കെതിരെ റഷ്യ രംഗത്ത്. ബാലിയിലെത്തിയതിന് പിന്നാലെ ലവ്‌റൊവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും 72കാരനായ അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഫയലുകളും മറ്റും പരിശോധിക്കുന്ന ലവ്‌റൊവിന്റെ വീഡിയോ സഹിതം പുറത്തുവിട്ട റഷ്യ, പാശ്ചാത്യ രാജ്യങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചു. അതേ സമയം, ചെക്ക് - അപ്പിന് വേണ്ടി മാത്രം ലവ്‌റൊവ് ആശുപത്രി സന്ദർശിച്ചിരുന്നെന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ബാലി ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് പകരമായിട്ടാണ് ലവ്‌റൊവ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.