trump

വാഷിംഗ്ടൺ: യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചതിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയ്ക്കുള്ളിൽ കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയാണ് പാർട്ടിയുടെ മോശം പ്രവർത്തനത്തിന് ഒരു കൂട്ടർ വിമർശിക്കുന്നത്. അതേ സമയം, സെനറ്റ് നേതാവ് മിച്ച് മക്‌കേണലിനെതിരെയും ഒരു വിഭാഗം രംഗത്തെത്തി. ട്രംപ് അനുകൂലികളായ സ്ഥാനാർത്ഥികളിൽ ചിലർ പരാജയപ്പെട്ടതും തിരിച്ചടിയായി. ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചനകൾ പുറത്തുവരവെ ട്രംപിന്റെ വൈറ്റ്‌ഹൗസ് മോഹങ്ങൾക്ക് സെനറ്റ് ഫലം മങ്ങലേൽപ്പിക്കുമോ എന്ന് കണ്ടറിയാം. ജനപ്രതിനിധി സഭയുടെ നിയന്ത്രണം പിടിക്കുകയാണ് റിപ്പബ്ലിക്കൻമാർക്ക് പിടിച്ചുനിൽക്കാനുള്ള മാർഗം. നിലവിൽ 435 അംഗ സഭയിൽ 212 സീറ്റോടെ റിപ്പബ്ലിക്കൻമാർ മുന്നിലാണ്. ഡെമോക്രാറ്റുകൾ 204 സീറ്റുകൾ ഉറപ്പിച്ചു. ഭൂരിപക്ഷമായ 218 റിപ്പബ്ലിക്കൻമാർ തന്നെ മറികടക്കുമെന്ന് കരുതുന്നു. നിലവിൽ കാലിഫോർണിയയിലേത് ഉൾപ്പെടെ 19 കൺഗ്രഷണൽ ഡിസ്ട്രിക്റ്റുകളിലെ ഫലം വ്യക്തമാകാനുണ്ട്.