
ബോളിവുഡ് അരങ്ങ് വാണിരുന്ന ഇന്ത്യൻ സിനിമാ ലോകത്ത് പതിവിന് വിപരീതമായി തെന്നിന്ത്യൻ സിനിമകളുടെ തേരോട്ടമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യാന്തര പ്രശസ്തി നേടിയ രാജമൗലിയുടെ ബാഹുബലിയും ആർആർആറും കൂടാതെ കെജിഎഫ്, പുഷ്പ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാന്താര അടക്കം ദക്ഷിണേന്ത്യൻ ചിത്രങ്ങൾ കളം വാഴുമ്പോൾ ബോളിവുഡ് ചിത്രങ്ങൾക്ക് ബോക്സോഫീസിൽ കാലിടറുന്നത് പതിവ് കാഴ്ചയായി മാറി. എന്നാൽ ഒരു പിടി വിജയ ചിത്രങ്ങൾക്കിടയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള നായകനും സംവിധായകനും കീഴിൽ ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും പുറത്തിറങ്ങി ഈ വർഷത്തെ വമ്പൻ പരാജയങ്ങളിലൊന്നായി മാറിയ ചിത്രമായിരുന്നു ലൈഗർ.
പുരി ജഗന്നാഥിന്റെ രചനയിലും സംവിധാനത്തിലുമൊരുങ്ങിയ ലൈഗറിൽ നായകനായി എത്തിയത് വിജയ് ദേവരക്കോണ്ടയായിരുന്നു. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സംവിധായകനായ തമ്മ റെഢി ഭരദ്വാജ്. ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ വിജയം സംവിധായകരുടെയും നിർമാതാക്കളുടെയും സാമാന്യ ബുദ്ധിയെ ബാധിച്ചിട്ടുണ്ടോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
കൂടാതെ ഒരു ചിത്രത്തിന് പരിധിയിൽ കൂടുതൽ പണം മുടക്കുമ്പോൾ അതിലെ നായകനെ കുറിച്ചും നായകൻ അഭിനയിച്ച ചിത്രങ്ങൾക്ക് ഇത് വരെ ലഭിച്ച കളക്ഷനെക്കുറിച്ചും അന്വേഷിച്ചിട്ടായിരിക്കണമെന്നും വിജയ് ദേവരക്കോണ്ടയുടെ ചിത്രങ്ങളുടെ മാർക്കറ്റിനെക്കുറിച്ച് നിർമാതാക്കൾക്ക് അൽപ്പമെങ്കിലും ധാരണയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണടക്കം പ്രത്യക്ഷപ്പെട്ട ലൈഗറിന് 100 കോടിയോളം മുതൽ മുടക്കുണ്ടായെന്നാണ് വിവരം. വലിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ബോക്സോഫീസിൽ പരാജയമണഞ്ഞതോടെ വിതരണക്കാർ തനിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയതായി സംവിധായകൻ അറിയിച്ചിരുന്നു.