
ബെർലിൻ: വിദഗ്ദ ചികിത്സയ്ക്കായി ജർമനിയിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു. ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉമ്മൻചാണ്ടിയെ ഇന്ത്യൻ അംബാസർ പർവതാനേനി ഹരീഷാണ് നേരിട്ട് സന്ദർശിച്ചത്. സന്ദർനത്തിന്റെ ചിത്രങ്ങൾ ഉമ്മൻചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
നേരത്തെ വിദഗ്ദ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ വെച്ച് ഉമ്മൻചാണ്ടി വിജയകരമായി ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം മകൻ പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ആരോഗ്യവാനായി കാണപ്പെടുന്ന ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തന്റെ 79-ാം പിറന്നാളിന് പിന്നാലെ നവംബർ ആറിനായിരുന്നു ഉമ്മൻചാണ്ടി വിദഗ്ദ ചികിത്സയ്ക്കായി ജർമനിയിലേയ്ക്ക് തിരിച്ചത്. യാത്രയ്ക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ച് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ ഒരാഴ്ചത്തെ പൂർണ വിശ്രമമാണ് മുതിർന്ന കോൺഗ്രസ് നേതാവിന് ഡോക്ടർ സംഘം നിർദേശിച്ചിരിക്കുന്നത്.