crime

ന്യൂഡൽഹി: വഴക്കിനെ തുടർന്ന് ജീവിതപങ്കാളിയെ കൊലപ്പെടുത്തി 35 കഷ്‌ണങ്ങളാക്കി നഗരത്തിൽ പലയിടത്തായി ഉപേക്ഷിച്ച അഫ്‌താബ് കൊല നടത്തിയാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുൻപ് തന്നെ തീരുമാനിച്ചതായി പൊലീസ്. ഡൽഹി പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ അഫ്‌താബ് അമീൻ പൂനാവാല കൊലയ്‌ക്ക് മുൻപായി മനുഷ്യ ശരീരശാസ്‌ത്രം നന്നായി പഠിച്ച് മനസിലാക്കിയിരുന്നതായി സമ്മതിച്ചു. മാത്രമല്ല ഇയാൾ കൊലയ്‌ക്ക് മുൻപ് രക്തം എങ്ങനെ കഴുകി വൃത്തിയാക്കാം എന്നതും ഗൂഗിളിൽ നോക്കി മനസിലാക്കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

അമേരിക്കൻ ക്രൈം സീരീസായ ‌ഡെക്‌സ്‌റ്ററിന്റെ ആരാധകനായിരുന്നു അഫ്‌താബ്. മനുഷ്യ ശരീരം എങ്ങനെയൊക്കെ വെട്ടിമുറിക്കാം എന്നറിയാനാണ് ഇയാൾ അനാട്ടമി പഠിച്ചത്. മറ്റ് ചില ക്രൈം സീരീസുകളും ഇയാൾ സ്ഥിരമായി കണ്ടിരുന്നു.

വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചതിന്റെ പേരിലാണ് അഫ്‌താബ് ലിവിംഗ് ടുഗദർ പങ്കാളിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ചത്. മേയ് 18ന് ഡൽഹിയിലാണ് കൊലപാതകം നടന്നത്. മുംബയിലെ മൾട്ടിനാഷണൽ കമ്പനിയിലെ കോൾ സെന്റർ ജീവനക്കാരിയായ ശ്രദ്ധ (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്രദ്ധയുടെ പങ്കാളിയായ അഫ്താബ് അമീൻ പൂനവാല കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ അറസ്റ്റിലായി.ഇയാളെ അഞ്ച് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിലേക്ക് വിട്ടിട്ടുണ്ട്.

കോൾ സെന്ററിലെ ജോലിക്കിടെയാണ് ശ്രദ്ധ അഫ്താബിനെ കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ ശ്രദ്ധയുടെ മാതാപിതാക്കൾ ബന്ധത്തിന് എതിരായതോടെ ഇരുവരും ഡൽഹിയിലേയ്ക്ക് ഒളിച്ചോടുകയും മെഹ്‌റോളിയിൽ ഒരു ഫ്ളാറ്റെടുത്ത് താമസിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ മേയ് 18ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും അഫ്താബ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ യുവതിയുടെ മൃതദേഹം 35 കഷ്ണങ്ങളായി വെട്ടിനുറുക്കി. ഒരു ഫ്രിഡ്ജ് വാങ്ങി അതിൽ സൂക്ഷിച്ചു. തുടർന്ന് അടുത്ത പതിനെട്ട് ദിവസങ്ങളിൽ പുലർച്ചെ രണ്ട് മണിയോടെ പുറത്തിറങ്ങി ഡൽഹിയിൽ വിവിധ സ്ഥലങ്ങളിലായി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.