village

മാഡ്രിഡ് : വീടോ ഫ്ലാറ്റോ വാങ്ങുകയെന്നത് ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ എപ്പോഴെങ്കിലും ഒരു ഗ്രാമം മുഴുവനായി വാങ്ങണമെന്ന് തോന്നിയിട്ടുണ്ടോ ? എങ്കിൽ അതിനൊരു അവസരം മുന്നോട്ട് വയ്ക്കുകയാണ് സ്പാനിഷ് അധികൃതർ.

പോർച്ചുഗൽ അതിർത്തിയോട് ചേർന്ന സമോറ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സാൾട്ടോ ഡി കാസ്ട്രോ എന്ന ചെറു ഗ്രാമമാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിലേറെയായി ഇവിടെ മനുഷ്യവാസമില്ല. 227,000 യൂറോ ( 2,16,87,831 രൂപ ) ആണ് ഗ്രാമത്തിന്റെ വില. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് മൂന്ന് മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. 44 വീടുകൾ, ഒരു ഹോട്ടൽ, ഒരു ചർച്ച്, ഒരു സ്കൂൾ, മുനിസിപ്പൽ സ്വിമ്മിംഗ് പൂൾ, സുരക്ഷാ സേനാംഗങ്ങൾ താമസിച്ചിരുന്ന കെട്ടിട സമുച്ഛയം എന്നിവ ഈ ഗ്രാമത്തിലുണ്ട്.

2000ങ്ങളുടെ തുടക്കത്തിൽ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് ഈ ഗ്രാമത്തെ ഒരു വ്യക്തി വാങ്ങിയിരുന്നു. എന്നാൽ ടൂറിസ്റ്റ് കേന്ദ്രമാകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. തനിക്ക് കഴിയാതെ പോയ അവസരം മറ്റാരെങ്കിലും വിനിയോഗിക്കട്ടെയന്ന് കാട്ടിയാണ് ഉടമ ഇത് വില്ക്കാൻ തീരുമാനിച്ചത്. ബ്രിട്ടൺ,​ ഫ്രാൻസ്,​ ബെൽജിയം,​ റഷ്യ എന്നിവിടങ്ങളിൽ നിന്ന് 300ഓളം പേർ ഓഫറിനോട് താത്പര്യമറിയിച്ച് മുന്നോട്ട് വന്നതായാണ് വിവരം.

തങ്ങളുടെ തൊഴിലാളികളെ താമസിപ്പിക്കാൻ ഒരു വൈദ്യുതി ഉത്പാദന കമ്പനിയാണ് കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന സാൾട്ടോ ഡി കാസ്ട്രോ ഗ്രാമം നിർമ്മിച്ചത്. സമീപത്ത് ഒരു റിസർവോയർ നിർമ്മിക്കുന്നതിന്റെ ഭാഗമായിട്ട് 1950കളിലായിരുന്നു ഇത്. എന്നാൽ റിസർവോയറിന്റെ നിർമ്മാണം പൂർത്തിയായതിന് പിന്നാലെ തൊഴിലാളികൾ സാൾട്ടോ ഡി കാസ്ട്രോ വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് പോകാൻ തുടങ്ങി. 1980കളോടെ സാൾട്ടോ ഡി കാസ്ട്രോ പൂർണമായും ഉപേ​ക്ഷിക്കപ്പെട്ടു.