crime

കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ പ്രതിയായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സി ഐ പി ആർ സുനുവിന്റെ അറസ്റ്റ് വൈകുന്നു. സംഭവത്തിൽ കൃത്യമായ തെളിവുകൾ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ ലഭിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തു എന്നാണ് പൊലീസിന്റെ നിലപാട്. ഇയാളോട് ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് ഹാജരാകാൻ നിർദേശം നൽകി വിട്ടയക്കുകയായിരുന്നു. നിലവിൽ ഏഴ് പ്രതികളുള്ള കേസിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിലാണ്.

ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധങ്ങളുള്ള തിരുവനന്തപുരം സ്വദേശി ശശിയാണ് തൃക്കാക്കരയിലെ പീഡനങ്ങളുടെ ആസൂത്രകനെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾ വഴിയാണ് സി.ഐ ഉൾപ്പെടെ പരാതിക്കാരിയെ പീഡിപ്പിച്ചത്.കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവിനോട് യുവതി പീഡനവിവരം പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കൊല്ലം സ്വദേശിയാണ് ഭർത്താവ്. ഇയാളുടെ രണ്ടാം ഭാര്യയാണ് കൊച്ചി സ്വദേശിയായ പരാതിക്കാരി. പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന പരാതിയിലാണ് മുൻ പട്ടാളക്കാരനെയും സുഹൃത്തിനെയും അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. കേസിൽനിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഭർത്താവിന്റെ മറ്റൊരു സുഹൃത്തായ ശശി പരാതിക്കാരിയെ സമീപിക്കുകയും തുടർന്ന് തൃക്കാക്കരയിലെ വാടക വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നുമാണ് യുവതിയുടെ പരാതി.

പരാതിയിലെ അവ്യക്തതകളാണ് സി.ഐയുടെ അറസ്റ്റ് വൈകാൻ കാരണമെന്നാണ് സൂചന. കഴിഞ്ഞ മേയിൽ മാനഭംഗം ചെയ്തതായി പറയുന്ന ദിവസം പരാതിയിലും മൊഴിയിലും വ്യക്തമല്ല. പീഡിപ്പിച്ചതായി സി.ഐ സമ്മതിച്ചിട്ടില്ല. പീഡനം നടന്ന ദിവസം വ്യക്തമാകുകയും അന്ന് പ്രതി കൊച്ചിയിൽ ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നുമാണ് വിശയത്തിൽ പൊലീസ് ഭാഷ്യം.