
മേപ്പാടി: താഴെ അരപ്പറ്റയിൽ അർജന്റീന ആരാധകർ ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകർന്നു വീണു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. 45 അടി ഉയരമുള്ള വലിയ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയാണ് തകർന്നുവീണത്. അരപ്പറ്റ എസ്റ്റേറ്റ് ഗ്രൗണ്ടിൽ സമീപത്തെ തേയില തോട്ടത്തിലാണ് അമ്പതോളം പേർ ചേർന്ന് കട്ടൗട്ട് സ്ഥാപിക്കാൻ ശ്രമം നടത്തിയത്. കട്ടൗട്ട് ഉയർത്തുന്നതിനിടെ കാലിന്റെ ഭാഗം ഒടിഞ്ഞു വീഴുകയായിരുന്നു. ആളുകളുടെ ദേഹത്തേക്കാണ് തകർന്നു വീണത്. ആർക്കും പരിക്കില്ല.
സമീപത്തു നെയ്മറിന്റെ കട്ടൗട്ട് കഴിഞ്ഞദിവസം ബ്രസീൽ ആരാധകർ സ്ഥാപിച്ചിരുന്നു. ഇതിന് തൊട്ടടുത്തായാണ് അർജന്റീന ആരാധകർ മെസിയുടെ കട്ടൗട്ട് സ്ഥാപിക്കാൻ ശ്രമിച്ചത്. തകർന്നുവീണ ഭാഗം കൂട്ടിച്ചേർത്ത് അടുത്ത ദിവസം തന്നെ വീണ്ടും കട്ടൗട്ട് സ്ഥാപിക്കുമെന്ന് അർജന്റീന ഫാൻസ് അറിയിച്ചു.