actor-krishna

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

1943 ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് കൃഷ്ണയുടെ ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്. 1960കളിൽ സിനിമാ ലോകത്തെത്തിയ അദ്ദേഹം, മുന്നൂറ്റിയൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സൂപ്പർ‌താരങ്ങളായിരുന്ന എൻ ടി രാമറാവു, അകിനേനി നാഗേശ്വര റാവു എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

1970ൽ പത്മാലയ സ്റ്റുഡിയോസ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചു.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലായിരുന്നു മഹേഷ് ബാബുവിന്റെ മാതാവ് ഇന്ദിരാ ദേവി അന്തരിച്ചത്. ജനുവരിയിൽ സഹോദരൻ രമേശ് ബാബുവിനെയും മരണം കവർന്നിരുന്നു. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സി ചന്ദ്രബാബു അടക്കമുള്ള പ്രമുഖർ കൃഷ്ണയ്‌ക്ക് അന്ത്യോപചാരം അർപ്പിച്ചു.