nirmala-seetharaman-

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് സഹായം തേടി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഡൽഹിയിലെത്തി. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനെ കണ്ട് 6835 കോടി രൂപയുടെ അടിയന്തര സഹായം നൽകണമെന്നും 4060 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി നൽകണമെന്നും അഭ്യർത്ഥിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ച ധനമന്ത്രി വായ്പാ പരിധി നിർണയിക്കുന്ന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്നും അഭ്യർത്ഥിച്ചു.

പൊതുവിപണിയിൽ നിന്ന് കടമെടുക്കാനുള്ള അനുമതി നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ കേന്ദ്രം മാറ്റം വരുത്തിയതോടെ സംസ്ഥാനത്തിന് കൂടുതൽ കടമെടുക്കാനുള്ള സാഹചര്യമില്ലാതായി. ഇതോടെ സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം പോലും അവതാളത്തിലായതായി കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഗാരന്റി നൽകുന്നതിൽ നിയന്ത്രണമുള്ളതിനാൽ ആഭ്യന്തരകടമെടുപ്പിന് പോലും പ്രതിസന്ധിയുണ്ട്. വായ്പാ അനുമതി ഡിസംബർ വരെ 17936 കോടിയായി ചുരുക്കിയിട്ടുണ്ട്. ഇതിൽ 13936 കോടിയും എടുത്തുകഴിഞ്ഞു. ശേഷിക്കുന്ന 4000കോടി അടുത്ത മാസത്തെ ശമ്പള, പെൻഷൻ വിതരണത്തിന് പോലും തികയില്ല.

കിഫ്ബി, സാമൂഹ്യസുരക്ഷാ വിതരണ കമ്പനി എന്നിവയെടുക്കുന്ന വായ്പകൾ നേരിട്ട് സർക്കാർ എടുക്കുന്ന വായ്പകളല്ലാത്തതിനാൽ സംസ്ഥാനത്തിന്റെ പൊതുകടത്തിൽ പെടുത്തരുതെന്നും മറ്റ് കടബാദ്ധ്യത 7813.06കോടിയായി കുറഞ്ഞത് കണക്കിലെടുത്ത് വായ്പാഅനുമതി പരിധി കൂട്ടണമെന്നും നടപ്പ് സാമ്പത്തിക വർഷം കൂടുതൽ വായ്പയെടുക്കാൻ അനുവദിക്കണം. കൂടാതെ ഊർജ്ജ മേഖലയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെ 4060 കോടി രൂപ കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.

സർവ്വകലാശാലകളിൽ ശമ്പളവർദ്ധന നടപ്പാക്കിയപ്പോൾ കുടിശിക നൽകിയ വകയിൽ സംസ്ഥാനം ചെലവിട്ട 750.93കോടിയും നഗരവികസനത്തിനുള്ള സഹായമായ 613കോടിയും കേന്ദ്രത്തിന്റെ യുണൈറ്റഡ് ഗ്രാൻഡായ 139.20കോടിയും ആരോഗ്യസഹായമായ 559കോടിയും ജി.എസ്.ടി നഷ്ടപരിഹാരമായി കിട്ടാനുള്ള 1548 കോടിയും മൂലധനവികസനസഹായമായ 3224.61കോടിയും ചേർത്ത് 6835 കോടിരൂപ ഉടനടി അനുവദിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.