priya

ചെന്നൈ: പരിശീലനത്തിനിടെ കാലിന്റെ ലിഗമെന്റ് തകരാറിലായ ഫുട്ബോൾ താരം മരണത്തിന് കീഴടങ്ങി. 17കാരിയായ പ്രിയയാണ് മരിച്ചത്. ചെന്നൈ രാജീവ് ഗാന്ധി സർക്കാ‌ർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ചെന്നൈ വ്യാസർപാടി സ്വദേശി രവികുമാറിന്റെ മകളാണ്. ജില്ലാ സംസ്ഥാന തലങ്ങളിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള പ്രിയ ചെന്നൈ റാണിമേരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് ഫുട്ബോൾ പരിശീലനം നടത്തുന്നതിനിടെയാണ് പെൺകുട്ടിയുടെ വലതുകാലിന്റെ ലിഗമെന്റ് തകരാറിലായത്. അസഹനീയമായ വേദനയെ തുടർന്ന് ഈ മാസം ഏഴിന് പെരമ്പൂർ പെരിയാർ നഗർ സർക്കാർ സബ‌ർബൻ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നിട്ടും കാൽ വേദനയ്ക്ക് ശമനമുണ്ടായില്ല. കാലിൽ നീരും കൂടി വന്നതോടെ പ്രിയയെ വിദഗ്‌ദ ചികിത്സയ്ക്കായി ഡോക്ടർമാർ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേയ്ക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ വലതുകാലിലേയ്ക്കുള്ള രക്തയോട്ടം തടസപ്പെട്ടതായി കണ്ടെത്തി. പേശികളെല്ലാം നശിച്ചതിനാൽ കാൽ മുറിച്ചുമാറ്റുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കാൽ മുറിച്ചുമാറ്റിയ ശേഷം വിദഗ്‌ദ സംഘത്തിന്റെ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പ്രിയ.

എന്നാൽ അധികം വൈകാതെ ആരോഗ്യ നില തകരാറിലായി. ഇന്ന് രാവിലെയോടെ പ്രിയ മരണത്തിന് കീഴടങ്ങി. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. രണ്ട് ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രിയയുടെ കാൽ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സ്ഥലം മാറ്റിയിരുന്നു. പ്രിയ മരണപ്പെട്ടതോടെ ഇവരെ സസ്പെൻഡ് ചെയ്തു.