modi

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ബി ജെ പിക്ക് തലവേദനയായി സ്വന്തം പാളയത്തിൽ നിന്നുള്ള ചോർച്ച. ഡൽഹി നഗരസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ ബി ജെ പിയിൽ നിന്നും പതിനൊന്ന് നേതാക്കൾ കഴിഞ്ഞ ദിവസം ആം ആദ്മിയിൽ ചേർന്നു. മുൻ വാർഡ് വൈസ് പ്രസിഡന്റ് പൂജ അറോറ, മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റുമാരായ ചിത്ര ലാംബ, ഭാവന ജെയിൻ എന്നിവരുൾപ്പടെയുള്ള നേതാക്കളാണ് ആം ആദ്മിയുടെ ഭാഗമായത്. ബി ജെ പിയിൽ കഠിനമായി അദ്ധ്വാനിച്ചിട്ടും വേണ്ട പരിഗണന കിട്ടാത്തതിൽ നിരാശരായാണ് ഇവർ തങ്ങളുടെ പാർട്ടിയിൽ അണിചേർന്നതെന്ന് ആം ആദ്മി അവകാശപ്പെട്ടു. ഡൽഹിയിലെ രോഹിണിയിൽ നിന്നുള്ള നേതാക്കളാണ് ഇവർ.

'രോഹിണിയുടെ വാർഡ് നമ്പർ 53 ൽ നിന്നുള്ള പതിനൊന്ന് ബിജെപി നേതാക്കൾ ഇന്ന് എഎപിയിൽ ചേർന്നത് അവരുടെ കഠിനാദ്ധ്വാനം ബിജെപിയിൽ ഒരിക്കലും അംഗീകരിക്കപ്പെടാത്തതിനാലാണ്. കഴിഞ്ഞ 15 വർഷമായി അവർ കഠിനാദ്ധ്വാനം ചെയ്യുന്നു, എന്നാൽ അവരെ അവഗണിച്ചു,' മുതിർന്ന എഎപി നേതാവ് ദുർഗേഷ് പതക് പറഞ്ഞു.

അടുത്തമാസം നാലാം തീയതിയാണ് ഡൽഹി നഗരസഭയിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. കോൺഗ്രസ്, ബി.ജെ.പി, എ.എ.പി പാർട്ടികൾ 250 അംഗ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 16 ന് നടക്കും, അടുത്ത മാസം ഏഴാം തീയതിയാണ് ഫലപ്രഖ്യാപനം.