
സേവ് ദി ഡേറ്റ്, ഹൽദി തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വരന്റെ മുഖത്തടിക്കുന്ന വധുവിന്റെയും, മണവാട്ടിക്ക് സർപ്രൈസ് നൽകുന്ന മണവാളന്റെയുമൊക്കെ വീഡിയോകൾ ഇതിനുമുൻപ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ചില വീഡിയോയ്‌ക്ക് താഴെ വിമർശനങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ വിവാഹ ദിനത്തിൽ കേക്ക് മുറിക്കുന്ന വധുവിന്റെയും വരന്റെയും വീഡിയോയ്‌ക്ക് താഴെ രൂക്ഷ വിമർശനമുയരുകയാണ്. കേക്ക് വധുവിന്റെ മുഖത്ത് തേയ്‌ക്കാൻ ശ്രമിക്കുന്ന വരനാണ് വീഡിയോയിലുള്ളത്.
മുഖത്ത് കേക്ക് തേയ്‌ക്കാൻ ശ്രമിക്കുന്ന വരനെ തടുത്തുനിൽക്കാൻ ശ്രമിക്കുകയാണ് വധു. തുടർന്ന് യുവതി നിലത്തുവീഴുകയും ചെയ്യുന്നു. നിലത്തുവീണ വധുവിനെ യുവാവ് പിടിച്ചെഴുന്നേൽപ്പിക്കുമെന്നാണ് അതിഥികൾ കരുതുന്നതെങ്കിലും, ഇയാൾ കേക്ക് മുഖത്ത് തേച്ചതിന് ശേഷമാണ് എഴുന്നേൽപ്പിക്കുന്നത്. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. വീണുകിടക്കുന്ന ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നാണ് വീഡിയോ കണ്ടവർ ചോദിക്കുന്നത്.