
കൊച്ചി: രാജ്ഭവനിലേക്കുള്ള ഇടതുമുന്നണി മാർച്ച് തടയാനാകില്ലെന്ന് ഹൈക്കോടതി. രാജ്ഭവൻ മാർച്ചിലും ധർണയിലും സർക്കാർ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തെന്ന് എങ്ങനെ അറിയുമെന്നും സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് ഉണ്ടോയെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ പരാതി പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഹാജർ ഉറപ്പു നൽകിയാണ് സർക്കാർ ജീവനക്കാരെ സമരത്തിനിറക്കുന്നതെന്നും സമരത്തിൽ പങ്കെടുക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്നതായും ആരോപിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. സമരങ്ങളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.