
കണ്ണൂർ: ഗവർണറെ തിരിച്ച് വിളിക്കണമെന്നല്ല, ആർ എസ് എസിന്റെ ചട്ടുകമായി ഗവർണർ പ്രവർത്തിക്കുന്നത് ഒഴിവാക്കണം എന്നാണ് കേരളത്തിലെ എൽഡിഎഫിന്റെ ആവശ്യമെന്ന് സിപിഎം നേതാവ് എം എ ബേബി പറഞ്ഞു. ഗവർണർക്കെതിരെ ഇടതുമുന്നണി ഇന്ന് രാജ്ഭവനിൽ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം എ ബേബിയുടെ പരാമർശം.
കുഫോസ് വി സിയെ പുറത്താക്കിയ സംഭവത്തിലും എം എ ബേബി പ്രതികരിച്ചു. കുഫോസ് വി സിക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്. യുജിസി ഗൈഡ് ലൈൻസ് വേണമെന്നാണ് ഹൈക്കോടതി പറയുന്നത്. എന്നാൽ നിയമസഭ പാസാക്കിയ ഗൈഡ് ലൈൻസിന് മേലെയല്ല യു ജി സി ഗൈഡ് ലൈൻസ് എന്നും എം എ ബേബി പറഞ്ഞു.
അതേസമയം, സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശത്തിലും എം എ ബേബി പ്രതികരിച്ചു. ആർ എസ് എസ് അനുകൂല പ്രസ്താവന നാവ് പിഴയാണെന്നാണ് സുധാകരൻ പറയുന്നത്. എന്നാൽ ഒരേ രീതിയിലുള്ള നാവുപിഴയാണ് അദ്ദേഹത്തിന് സംഭവിക്കുന്നത്. ആർ എസ് എസുകാർക്ക് സംരക്ഷണം കൊടുത്തു എന്ന് പറയുന്നു. നെഹ്റു വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്ന് പറയുന്നു. ഇത് നാവുപിഴയല്ല, കെ സുധാകരൻ ബി ജെ പിയിൽ ചേരാൻ അവസരം കാത്തിരിക്കുകയാണ്. ഇപ്പോൾ സുധാകരൻ ബി ജെ പിയിൽ ചേരാത്തത് കേരളത്തിൽ ശക്തമായ ഇടതുപക്ഷം ഉള്ളതിനാലാണ്. കേരളത്തിൽ ബി ജെ പി ഇല്ലാത്തതിനാലാണ് സുധാകരൻ പോകാത്തതെന്നും എം എ ബേബി പറഞ്ഞു.