
ന്യൂഡൽഹി: ലിവിംഗ് ടുഗദർ പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജിൽവച്ചശേഷം പല ദിവസങ്ങളിലായി ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലെ വനപ്രദേശങ്ങളിൽ ഉപേക്ഷിച്ച യുവാവിനെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പങ്കാളി വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് അഫ്താബ് അമീൻ പൂനവാല എന്ന 28കാരൻ മൊഴി നൽകിയത്. മഹാരാഷ്ട്ര പാൽഘർ സ്വദേശിനിയും മുംബയിലെ മൾട്ടി നാഷണൽ കമ്പനിയുടെ കാൾ സെന്റർ ജീവനക്കാരിയുമായ ശ്രദ്ധ വാൽക്കറെയാണ് (26) കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയത്.
കൊല നടത്തിയത് അഞ്ച് മാസം മുമ്പ്
അഫ്താബ് അമീൻ, പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയത് അഞ്ച് മാസം മുൻപ്, മേയ് 18നായിരുന്നു. കൊലയ്ക്ക് ശേഷം ശരീരം 35 കഷണങ്ങളാക്കിയശേഷം പ്രതി പുത്തൻ ഫ്രിഡ്ജ് വാങ്ങി അതിൽ മൃതശരീരം സൂക്ഷിച്ചു. ഓരോദിവസവും പുലർച്ചെ രണ്ട് മണിക്ക് ശേഷം ഓരോ ശരീര ഭാഗവും പൊളിത്തീൻ കവറിൽ പൊതിഞ്ഞ് പുറത്ത് കൊണ്ട് പോയി മെഹ്രൗളിയിലെ വനമേഖലയിലെ പലിടത്തായി വലിച്ചെറിയുകയായിരുന്നു. പതിനെട്ടു ദിവസം കൊണ്ടാണ് മൃദേഹം പൂർണമായി ഉപേക്ഷിച്ചത്. പ്രതിയെ കൂട്ടിക്കൊണ്ടുവന്ന് വനമേഖലയിൽ നിന്നു കണ്ടെടുത്ത ശരീര ഭാഗങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചു.

ദക്ഷിണ ഡൽഹിയിലെ മെഹ്രൗളി ഭാഗത്തെ വാടക ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മുംബയിലെ കാൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് അഫ്താബുമായി പ്രണയത്തിലായത്. ശ്രദ്ധയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ ഇരുവരും എട്ട് മാസം മുമ്പ് ഒളിച്ചോടി ഡൽഹിയിലെത്തുകയായിരുന്നു. യുവതി കുടുംബവുമായി ബന്ധപ്പെടുന്നത് നിലച്ചതോടെയാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. ഇതേതുടർന്ന് പിതാവ് വികാസ് മദൻ വാൽക്കർ മകളെ തേടി ഡൽഹിയിലെത്തി. താമസിച്ചിരുന്ന ഫ്ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നവംബർ എട്ടിന് മകളെ കാണാനില്ലെന്ന് മുംബയ് പൊലീസിൽ പരാതി നൽകി. മകളെ അഫ്താബ് മർദ്ദിക്കാറുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേസ് ഡൽഹി പൊലീസിന് കൈമാറിയതിനെ തുടർന്ന് ഡൽഹിയിലെ വസതിയിൽ നിന്ന് അഫ്താബിനെ പിടികൂടി. ഡേറ്റിംഗ് ആപ്പ് വഴിയാണ് അവർ സൗഹൃദത്തിലായതെന്നും മുബയിലും അവർ ഒരുമിച്ചായിരുന്നു താമസമെന്നും സൗത്ത് ഡൽഹി എ.ഡി.സി.പി അങ്കിത് ചൗഹാൻ പറഞ്ഞു.കോടതി പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സൈക്കോ പാത്ത് ?
ഫോറൻസിക് വിദദ്ധനായ ഡെക്സ്റ്റർ മോർഗൻയാൾ സീരിയൽ കില്ലറായ കഥപറയുന്ന അമേരിക്കൻ ടി.വി പരമ്പരയായ ഡെക്സ്റ്ററാണ് അഫ്താബിന് പ്രചോദനമെന്ന് ഡൽഹി പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് അഫ്താബ് ഉറപ്പ് നൽകിയെങ്കിലും അതിന് വിസമ്മതിച്ചതിനെ തുടർന്നാണ് കലഹത്തിലാകുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് സൊമാട്ടോയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തു. സംശയം തോന്നാതിരിക്കാൻ അതേ ഫ്ളാറ്റിൽ താമസം തുടർന്നു. വെട്ടി നുറുക്കിയ ശരീരഭാഗം സൂക്ഷിക്കാനായി 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി. ദുർഗന്ധം വമിക്കാതിരിക്കാൻ എന്നും മുറിയിൽ സുഗന്ധദ്രവ്യങ്ങൾ കത്തിച്ചു വെച്ചിരുന്നു.

വെട്ടിനുറുക്കിയ ശരീരഭാഗങ്ങളിൽ അഴുകി തുടങ്ങുന്ന ഭാഗങ്ങളായിരുന്നു ഇയാൾ ആദ്യം വലിച്ചെറിഞ്ഞിരുന്നത്. പോളി ബാഗുകളിൽ നിറച്ച ശരീരഭാഗങ്ങൾ ഇയാൾ ഇടയ്ക്കിടെ പരിശോധിച്ചിരുന്നു. വലിച്ചെറിഞ്ഞ ശ്രദ്ധയുടെ 25 ശരീരഭാഗങ്ങളിൽ 13 ശരീരഭാഗങ്ങൾ മാത്രമാണ് പൊലീസിന് കണ്ടെത്താനായിട്ടുള്ളത്. ഇത് യുവതിയുടേതാണോ എന്നറിയാൻ ഡി എൻ എ ടെസ്റ്റ് നടത്തേണ്ടി വരും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും പൊലീസിന് വെല്ലുവിളിയാണ്.
മികച്ച നിലയിൽ വിദ്യാഭ്യാസം നേടിയ ആളാണ് പ്രതി. സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും, മുംബയിലെ എൽഎസ് റഹേജ കോളേജിൽ നിന്ന് ബിഎംഎസ് ബിരുദവും നേടി. പാചകവൃത്തിയിൽ അതീവ തത്പരനായിരുന്ന പൂനാവാല ഒരു ഫുഡ് ബ്ലോഗർ കൂടിയാണ്. ഇരുപത്തിയെണ്ണായിരത്തോളം പേരാണ് ഇൻസ്റ്റാഗ്രാമിൽ ഇയാളെ ഫോളോ ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമായിരുന്നു. യുവതിയുടെ സുഹൃത്തുക്കളുമായി ഇയാൾ ചാറ്റ് ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നില്ല.