
ജക്കാർത്ത: പതിനേഴാം ജി 20 ഉച്ചകോടിക്കായി ലോകനേതാക്കൾ അണിനിരന്നപ്പോൾ ശ്രദ്ധാ കേന്ദ്രമായി വീണ്ടും മോദി. ജർമ്മനിയിൽ കഴിഞ്ഞ ജി 7 ഉച്ചകോടിക്കിടെ നടന്നതിനെ അനുസ്മരിപ്പിച്ച് കൊണ്ടാണ് ഇന്നും മോദിയെ അമേരിക്കൻ പ്രസിഡന്റ് അഭിവാദ്യം ചെയ്തത്. പിന്തിരിഞ്ഞ് ഇന്ത്യൻ സംഘത്തിനോട് ആശയവിനിമയം നടത്താനൊരുങ്ങുന്ന മോദിയെ പിന്നാലെ തേടിയെത്തിയാണ് ബൈഡൻ അഭിവാദ്യം ചെയ്തത്. ബൈഡനെ കണ്ട മാത്രയിൽ മോദി അദ്ദേഹത്തെ സ്‌നേഹാശ്‌ളേഷം ചെയ്തു. തൊട്ടുപിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി മോദിയെ അഭിവാദ്യം ചെയ്യുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു. ഭക്ഷ്യഊർജ്ജ സുരക്ഷ സംബന്ധിച്ച ജി20 വർക്കിംഗ് സെഷനിൽ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും ഇന്ന് പങ്കെടുക്കും.
#WATCH | US President Joe Biden walks over to PM Narendra Modi before the start of #G20Summit in Bali, Indonesia.
— ANI (@ANI) November 15, 2022
(Source: DD) pic.twitter.com/2ULTveCaqh
ഇന്നും നാളെയും ഇൻഡോനേഷ്യയിലെ ബാലിയിലെ റിസോർട്ട് മേഖലയായ നുസ ദുവയിലാണ് ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉച്ചകോടിക്കായി മോദി ഇന്തോനേഷ്യയിൽ എത്തിയത്. രാത്രി ബാലിയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് പരമ്പരാഗത സ്വീകരണമാണ് ഇന്തോനേഷ്യ ഒരുക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു ഹൃദ്യമായ സ്വീകരണം. 'ബാലിയിലെ ഊഷ്മളമായ സ്വീകരണത്തിന് ഇന്ത്യൻ സമൂഹത്തിന് നന്ദി!'യെന്ന് വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
PM @narendramodi and @POTUS @JoeBiden interact during the @g20org Summit in Bali. pic.twitter.com/g5VNggwoXd
— PMO India (@PMOIndia) November 15, 2022
ഇന്ന് രാവിലെ പ്രധാനമന്ത്രി മോദിയെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഉച്ചകോടിയുടെ വേദിയിൽ സ്വീകരിച്ചു. അടുത്ത ഉച്ചകോടി ഇന്ത്യയിലാണെന്ന് പ്രത്യേകത കൂടിയുണ്ട്. നാളെ നടക്കുന്ന സമാപന യോഗത്തിൽ ജി20യുടെ അടുത്ത അദ്ധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ കൈമാറും.
മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തുടങ്ങി കൂട്ടായ്മയിലെ അംഗരാജ്യങ്ങളുടെ നേതാക്കളാണ് ഇന്തോനേഷ്യയിൽ ഇന്നും നാളെയും നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത്.
യു.എ.ഇയുൾപ്പെടെ ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളും ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് പകരം വിദേശകാര്യ മന്ത്രിയാണ് പങ്കെടുക്കുക. സ്ഥാനമൊഴിയുന്ന ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ പങ്കെടുക്കില്ല. ഇൻഡോനേഷ്യൻ പ്രസിഡന്റിന്റെ ക്ഷണപ്രകാരം യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി ഉച്ചകോടിയിൽ വെർച്വലായി അഭിസംബോധന നടത്തും. അതേസമയം ഉച്ചകോടിയോടനുബന്ധിച്ച് ഇന്നലെ നടന്ന ബി 20 ബിസിനസ് ഫോറത്തിൽ ട്വിറ്റർ മേധാവി ഇലോൺ മസ്‌ക് വെർച്വലായി പങ്കെടുത്തു.
Multilateral summits present wonderful opportunities for leaders to exchange views on diverse issues.
— PMO India (@PMOIndia) November 15, 2022
Prime Ministers @narendramodi and Mark Rutte interact during the @g20org Summit in Bali. @MinPres pic.twitter.com/wbsf2v10lb
45 മണിക്കൂർ 20 യോഗം: വിശ്രമമില്ലാതെ മോദി
ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി ബാലിയിലെത്തിയ മോദി 45 മണിക്കൂറിനിടെ പങ്കെടുക്കുക 20 യോഗങ്ങളിൽ. ഉച്ചകോടിയിൽ ഭക്ഷ്യ ഊർജ സുരക്ഷ, ഡിജിറ്റൽ, ആരോഗ്യം ഉൾപ്പെടെ സുപ്രധാന സെഷനുകളിൽ പങ്കെടുക്കുന്ന അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി നാളെ ഉഭയകക്ഷി ചർച്ച നടത്തും.
മറ്റ് ലോക നേതാക്കളുമായും മോദിയുടെ കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അറിയിച്ചു. മോദി ഇന്ന് ബാലിയിലെ കണ്ടൽക്കാടുകൾ സന്ദർശിക്കും. തുടർന്ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധ ചെയ്യും. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് മോദി ലോകനേതാക്കളെ ക്ഷണിക്കും. നാളെ വൈകിട്ടോടെ അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കും.