
കുട്ടി ജനിച്ചാലുടൻ ജാതകം എഴുതിക്കുന്നത് സ്വാഭാവികമായി നടന്നുവരുന്ന കാര്യമാണ്. എന്നാൽ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് ജ്യോതിഷ ശാസ്ത്രത്തിൽ പറയുന്നത്. ജാതകം എഴുതുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ഒരു കുഞ്ഞ് ജനിച്ചാൽ ഗ്രഹ സ്ഥാനങ്ങൾ നോക്കി തലക്കുറി തയാറാക്കാം. പക്ഷേ ജാതകം എഴുതണമെങ്കിൽ പന്ത്രണ്ടാം പിറന്നാൾ കഴിയണം. പന്ത്രണ്ട് വയസ് വരെ ഒരാളുടെ ആയുസ് നിർണയിക്കാൻ സാധിക്കില്ല എന്നാണ് പ്രമാണം.
ഒരു കുഞ്ഞ് ജനിച്ചാൽ ആദ്യത്തെ നാലുവർഷം മാതാവിന്റെ പുണ്യപാപങ്ങളും അടുത്ത നാലുവർഷം പിതാവിന്റെ പുണ്യപാപങ്ങളും പിന്നീടുള്ള നാലുവർഷം കുട്ടിയുടെ ബാലഗ്രഹപീഡകളും കാരണം ആയൂരാരോഗ്യത്തിന് പ്രശ്നമുണ്ടാകുമെന്നാണ് ജ്യോതിഷശാസ്ത്രത്തിൽ പറയുന്നത്. അതിനാൽ പന്ത്രണ്ടാം പിറന്നാൾ വരെ ജാതകം എഴുതാൻ പാടില്ലെന്നാണ് ആചാര്യന്മാർ പറയുന്നത്.
അതുപോലെ കുഞ്ഞിന്റെ ജന്മദോഷം മാതാപിതാക്കളെ ബാധിക്കുമെന്ന് പലർക്കും തെറ്റിദ്ധാരണയുണ്ട്. എന്നാൽ ജ്യോതിഷ ശാസ്ത്രപ്രകാരം ഇത് തെറ്റാണ്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ മാതാപിതാക്കളുടെ ജാതകം വിധിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ കുഞ്ഞ് ജനിച്ചു എന്നതുകൊണ്ട് ഇവർക്ക് ദോഷം വരില്ല എന്നാണ് ആചാര്യന്മാർ പറയുന്നത്.