shraddha-walkar

ന്യൂഡൽഹി: ലിവിംഗ് ടുഗദർ പാർട്‌ണറായ ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം ശരീരം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കുന്നതിന് മുൻപായി മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചും ( അനാട്ടമി) രക്തക്കറ വൃത്തിയാക്കേണ്ടത് എങ്ങനെയെന്നും പ്രതി അഫ്‌താബ് അമീൻ പൂനവാല ഗൂഗിളിൽ തിരഞ്ഞതായി പൊലീസ്. അനാട്ടമിയെക്കുറിച്ചുള്ള പുസ്‌തകങ്ങളും ഇയാൾ വായിച്ചിരുന്നു.

ആസിഡും അണുനാശിനിയും ഉപയോഗിച്ചാണ് അഫ്‌താബ് രക്തക്കറ കഴുകി വൃത്തിയാക്കിയത്. കൊലപാതകത്തിന് ശേഷം ഇയാൾ കൂടുതലായും വീട്ടിൽതന്നെയാണ് കഴിഞ്ഞിരുന്നത്. ചിലപ്പോൾ പുറത്ത് നിന്ന് ആഹാരം ഓർഡർ ചെയ്തുവരുത്തിയിരുന്നു. കഷ്ണങ്ങളാക്കി സൂക്ഷിച്ചിരുന്ന ശ്രദ്ധയുടെ ശരീരഭാഗങ്ങളും കഴിക്കാനുള്ള ഭക്ഷണവും ഇയാൾ ഒരേ ഫ്രിഡ്‌ജിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ശ്രദ്ധയെ വെട്ടിനുറുക്കിയ അതേ മുറിയിൽ തന്നെയാണ് ഇയാൾ ഉറങ്ങിയിരുന്നത്. ശ്രദ്ധയുടെ മുഖം കാണുന്നതിനായി തല ഫ്ര‌ിഡ്‌ജിൽ സൂക്ഷിച്ചിരുന്നു.

കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപാണ് ശ്രദ്ധയുമൊത്ത് അഫ്‌താബ് ഡൽഹിയിലെ ഫ്ളാറ്റിലേയ്ക്ക് മാറിയത്. കൊലപാതകത്തിന് പദ്ധതിയിട്ട ശേഷമാണോ ഇയാൾ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

2019ൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചപ്പെട്ട ശ്രദ്ധയുമായി അഫ്‌താബ് മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു. മേയ് 18നാണ് യുവതിയെ അഫ്‌താബ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ നിർബന്ധിച്ചിരുന്നതായും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായും പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്രഡ്‌ജിൽ സൂക്ഷിച്ച ശേഷം പതിനെട്ട് ദിവസങ്ങളിലായി ഡൽഹിയിലെ പലഭാഗങ്ങളിലായി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.