
ഇൻഡോർ: കൈ വേദന മാറാൻ യുട്യൂബിൽ നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ച യുവാവ് മരിച്ചു. മദ്ധ്യപ്രദേശിലെ സ്വർണബാഗ് കോളനിയിൽ താമസിക്കുന്ന ധർമേന്ദ്ര കൊറോല (30) ആണ് മരിച്ചത്. ഒരു അപകടത്തിൽ യുവാവിന്റെ കൈക്ക് പരിക്കേറ്റിരുന്നു.
പല ഡോക്ടർമാരെ സമീപിച്ചെങ്കിലും കൈ വേദന മാറിയില്ല. തുടർന്ന് ഇതിന്റെ പരിഹാരം യൂട്യൂബിൽ തപ്പുകയായിരുന്നു. കാട്ടിൽ കാണുന്ന ഒരു പഴം ഉപയോഗിച്ച് ജ്യൂസടിച്ച് കുടിച്ചാൽ വേദന മാറുമെന്ന് കണ്ടു. തുടർന്ന് ദൂരസ്ഥലങ്ങളിൽ പോയിട്ടാണ് ഈ ഫലം കൊണ്ടുവന്നത്.
ജ്യൂസുണ്ടാക്കി കുടിച്ചതിന് പിന്നാലെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.