vande-bharath-train-

രാജ്യത്തെ ആറാമത്തെ വന്ദേഭാരത് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. ഈ ട്രെയിനും ദക്ഷിണേന്ത്യയിലാവും സർവീസ് നടത്തുക. വിശാഖപട്ടണത്തിനും സെക്കന്തരാബാദിനും ഇടയിലാവും രാജ്യത്തെ ആറാമത്തെ വന്ദേഭാരത് ഓടുക. ഈ മാസമാണ് ചെന്നൈ- ബംഗളൂരു-മൈസൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് വരുന്നതോടെ,​ വിശാഖപട്ടണത്തിനും സെക്കന്തരാബാദിനും ഇടയിൽ 12 മുതൽ 14 മണിക്കൂർ വരെ എക്സ്പ്രസ് ട്രെയിനുകൾക്ക് വേണ്ടി വന്നിരുന്ന യാത്രാ സമയം കേവലം എട്ട് മണിക്കൂറായി കുറയും.

ആദ്യഘട്ടത്തിൽ വിശാഖപട്ടണത്ത് നിന്നും വിജയവാഡയിലേക്കാവും വന്ദേഭാരത് സർവീസ് നടത്തുക. പിന്നീട് ഇത് സെക്കന്തരാബാദിലേക്ക് നീട്ടും. ഡിസംബർ ആദ്യവാരം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകും. ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നാനൂറ് വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഈ അതിവേഗ ട്രെയിനുകൾ റെയിൽവേയുടെ മുഖം മാറ്റാനുതകുന്നതാണ്.

വന്ദേ ഭാരത് എക്സ്പ്രസ് ഈ വർഷം തന്നെ വിശാഖപട്ടണത്ത് നിന്നും സർവീസ് ആരംഭിക്കുമെന്ന് റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഒരു ദേശീയ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി. ഇതിനായി ജീവനക്കാരെ പരിശീലനത്തിന് വിധേയരാക്കിയിട്ടുണ്ട്.


പൂർണമായും ശീതീകരിച്ച ട്രെയിനായ വന്ദേ ഭാരതിൽ 1128 സീറ്റുകളുള്ള 16 കോച്ചുകളുണ്ടാകും. പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 52 സെക്കൻഡിനുള്ളിൽ കഴിയും, പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്റർ വരെയാണ്. മുൻ പതിപ്പുകളേക്കാൾ ട്രെയിന് 38 ടൺ ഭാരം കുറവാണ്.