റിതികയുടെ മലയാള അരങ്ങേറ്റം

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത എന്ന ചിത്രത്തിൽ നൃത്തചുവടുമായി തെന്നിന്ത്യൻ സുന്ദരി റിതിക സിംഗ്. കിംഗ് ഒഫ് കൊത്തയിൽ ഒരു കാർണിവൽ രംഗത്താണ് റിതികയുടെ നൃത്തം. ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും നൃത്തരംഗം. തമിഴ്‌നാട്ടിലെ കാരക്കുടിയ്ക്കടുത്ത് രാമനാഥപുരത്തായിരുന്നു ഗാനരംഗത്തിന്റെ ചിത്രീകരണം. ആയോധനകലകളിൽ പ്രാവീണ്യം നേടിയ റിതിക സിംഗ് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാവുന്നത്. ടാർസൻ കി ബേട്ടി എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചാണ് വെള്ളിത്തിരയിൽ എത്തുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത ഇരുതി സുട്രു എന്ന ചിത്രത്തിൽ മാധവനോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. 63-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ ചിത്രത്തിലെ അഭിനയത്തിന് റിതികയ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു. മണികണ്ഠൻ സംവിധാനം ചെയ്ത ആണ്ടവൻ കട്ടളൈ എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു.അതേസമയം രണ്ടുദിവസത്തിനകം കിംഗ് ഒഫ് കൊത്ത ഷെഡ്യൂൾ ബ്രേക്കാവും. ഗോകുൽ സുരേഷ് , ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, ഐശ്വര്യ ലക്ഷമി,ശാന്തി കൃഷ്ണ, ഷബീർ കല്ലറക്കൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.പൊറിഞ്ചു മറിയം ജോസിനുശേഷം അഭിലാഷ് എൻ. ചന്ദ്രൻ രചന നിർവഹിക്കുന്ന ചിത്രം ദുൽഖറിന്റെ കരിയറിൽ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.