
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ (80) അന്തരിച്ചു. ഇന്നലെ പുലർച്ചെ നാലിന് ഹൈദരാബാദിലെ സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ അന്തരിച്ചു.
1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി എന്നാണ് മുഴുവൻ പേര്. 1960കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർ താരമായിരുന്ന കൃഷ്ണ, 350 ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായി. സാക്ഷി, മരപുരാനി കഥ, സത്രീ ജന്മ, പ്രൈവറ്റ് മാസ്റ്റർ, നിലവു ദൊപ്പിടി, അല്ലൂരി സീതാ രാമ രാജു, വിചിത്ര കുടുംബം, ബ്രഹ്മാസ്ത്രം, സിംഹാസനം, മൊഡ്ഡു ബിദ, റൗഡി നമ്പർ 1, ഗുഡാചാരി 117, ഇൻസ്‌പെക്ടർ രുദ്ര, വരസു, റൗഡി അണ്ണയ്യ, നമ്പർ വൺ, സുൽത്താൻ, രാവണ, വംസി, അയോദ്ധ്യ, കന്തസാമി തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 2009ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
ആദ്യ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിരാദേവി ഈ വർഷം സെപ്തംബറിലും മൂത്തമകൻ രമേഷ് ബാബു ജനുവരിയിലുമാണ് മരിച്ചത്. രണ്ടാം ഭാര്യയായിരുന്ന നടി വിജയ നിർമ്മല 2019ലും മരിച്ചു. മറ്റു മക്കൾ: പത്മാവതി, മഞ്ജുള, പ്രിയദർശിനി. മരുമക്കൾ: വ്യവസായിയായും രാഷ്ട്രീയ നേതാവുമായ ഗല്ല ജയദേവ്, നിർമ്മാതാവ് സഞ്ജയ് സ്വരൂപ്, നടിയും നിർമ്മാതാവുമായ നമ്രത ശിരോദ്കർ.
1967ൽ സാക്ഷി എന്ന സിനിമയുടെ സെറ്റിൽ വച്ച് നടി വിജയ നിർമ്മലയുമായി പ്രണയത്തിലായത്. തുടർന്നായിരുന്നു വിവാഹം. വിജയ നിർമ്മലയ്‌ക്കൊപ്പം 40 സിനിമകളിൽ കൃഷ്ണ അഭിനയിച്ചു. 1980ൽ കോൺഗ്രസിൽ ചേർന്ന് എം.പിയായെങ്കിലും രാജീവ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയം ഉപേക്ഷിച്ചു.
ഓരോ വർഷവും പത്തു സിനിമ
 ആദ്യ ചിത്രം 1961ൽ കുല ഗൊത്രലു
 1965ലിറങ്ങിയ തേനേ മനസുലു കൃഷ്ണയ്ക്ക് നായക പദവി സമ്മാനിച്ചു
 1964 - 1995 കാലഘട്ടത്തിൽ ഒരോ വർഷവും ശരാശരി പത്ത് സിനിമകളിൽ അഭിനയിച്ചു
 ഗുഡാചാരി 116 എന്ന ചിത്രത്തിലൂടെയാണ് സൂപ്പർതാര പദവിയിലെത്തി
 2016 ൽ പുറത്തിറങ്ങിയ ശ്രീ ശ്രീ അവസാന ചിത്രം
 തെലുങ്ക് സൂപ്പർതാരങ്ങളായിരുന്ന എൻ.ടി. രാമറാവു, അകിനേനി നാഗേശ്വര റാവു എന്നിവർക്കൊപ്പം അഭിനയിച്ചു
 1970ൽ പത്മാലയ സ്റ്റുഡിയോസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു
 1974 ൽ മികച്ച നടനുള്ള ആന്ധ്ര സർക്കാറിന്റെ പുരസ്‌കാരം
 വി. രാമചന്ദ്രറാവു സംവിധാനം ചെയ്ത അല്ലൂരി സീതാ രാമ രാജു എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം
 സമഗ്രസംഭാവനയ്ക്ക് ഫിലിം ഫെയർ പുരസ്‌കാരം
 2009 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.