monson-mavunkal

തിരുവനന്തപുരം: ഐജി ഗുഗുലത്ത് ലക്ഷ്മണയുടെ സസ്പെൻഷൻ വീണ്ടും നീട്ടി സർക്കാർ. മൂന്ന് മാസത്തേയ്ക്ക് കൂടിയാണ് സസ്പെൻഷൻ നീട്ടിയത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ നിലവിൽ സസ്പെൻഷനിൽ തുടരവേയാണ് നടപടി. മോൻസണെതിരായ കേസ് ഒതുക്കി തീർക്കാനായി ഐജി അധികാര ദുർവിനിയോഗം നടത്തി എന്ന പേരിലുള്ള ആരോപണം ഉയർന്ന് വന്നിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിൽ ഇതിനെ സാധൂകരിക്കുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് കഴിഞ്ഞ നവംബർ 10നാണ് ഐജി ലക്ഷ്മണയെ സർക്കാർ സസ്പെൻഡ് ചെയ്തത്.

ഐജി ലക്ഷ്മണയ്ക്കെതിരായുള്ള വകുപ്പ് തല അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സസ്പെൻഷൻ വീണ്ടും നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അന്വേഷണത്തിന്റ ഭാഗമായി പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിയെ മോൻസണ് പരിചയപ്പെടുത്തിയത് അടക്കം ഐജി ലക്ഷ്മണ ആണെന്ന് കണ്ടെത്തിയിരുന്നു. മോൻസണ് വേണ്ടി ഐജി ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ട്.