
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ഫുട്ബാൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ടു കോടി ഗോളടിക്കുന്ന കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വൈകിട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കും. മയക്കുമരുന്നിനെതിരെയുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമാണിത്. എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയംഭരണ വാർഡുകളിലും പൊതുസ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതു ഇടങ്ങളിലും 'ഗോൾ ചലഞ്ച് "സംഘടിപ്പിക്കും. ഡിസംബർ 18ന് അവസാനിക്കും. ഗോൾ ചലഞ്ചിൽ എല്ലാവരും അണിചേരണമെന്ന് മന്ത്രി എം.ബി.രാജേഷ് അഭ്യർത്ഥിച്ചു.