
കോട്ടയം: സംസ്ഥാനത്തിന് പുറത്ത് നിയമ ലംഘനം നടത്തി സർവീസ് നടത്തിയ ടൂറിസ്‌റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുമായി വിനോദ യാത്രയ്ക്കു പോയ 'ഡാഡീസ് ഹോളിഡേയ്‌സ്' ബസിനെതിരെയാണ് അച്ചടക്ക നടപടി.
ടൂർ പോകുന്നതിനു മുമ്പ് ബസ് വൈക്കം സബ് ആർ.ടി.ഒ ഓഫീസിൽ ഹാജരാക്കി നിയമപരമായി വേണ്ട സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. ഇതിനുശേഷം ലേസർ ലൈറ്റുകളും കളർ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു. കേരള അതിർത്തി കടന്നതിനു ശേഷം ഇവ പ്രവർത്തിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നിയമ നടപടിയെടുത്തത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.