governor

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ഇന്ന് നടത്തിയ രാജ്ഭവൻ ഉപരോധത്തിന് നേരെ പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 25,000 പേരാണ് ഉപരോധത്തിൽ പങ്കെടുത്തതെന്നും കേരളത്തിൽ മൂന്നര കോടി ജനങ്ങളുണ്ടെന്നും അവർ തനിക്കൊപ്പമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് തെളിഞ്ഞാൽ താൻ രാജിവയ്‌ക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

ഭരണഘടനാ തകർച്ചയുണ്ടായാൽ സംസ്ഥാന ഭരണത്തിൽ ഇടപെടുമെന്ന് ഗവർണ‌ർ അറിയിച്ചു. എന്നാൽ ഭാഗ്യത്തിന് സംസ്ഥാനത്ത് അങ്ങനെ ഒരു സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന സർക്കാരിന് നേതൃത്വം നൽകുന്ന ഇടത് മുന്നണി തന്നെ ഉപരോധം സംഘടിപ്പിക്കാതെ ഉന്നത വിദ്യാഭ്യാസ സമിതി എന്ന പേരിൽ കൂട്ടായ്‌മയുണ്ടാക്കിയാണ് നേതാക്കൾ ഇന്ന് ഉപരോധിച്ചത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ എൽഡിഎഫ് കൺവീനറോ ഇന്ന് പരിപാടിയിൽ പങ്കെടുത്തില്ല. രാജ്‌ഭവന് പുറമേ സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് അണികൾ പങ്കെടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.