chrome

ഇന്റർനെറ്റിൽ എന്ത് കാര്യം തിരയണമെങ്കിലും ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന നിരവധി പേരാണുള്ളത്. മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് ഇടയ്ക്കിടെ ലഭിക്കുന്ന അപ്ഡേറ്റുകളും പൊതുവേ സുരക്ഷിതമാണെന്ന ധാരണയുമാണ് പലരുടെയും ഇഷ്ടപ്പെട്ട ബ്രൗസറായി ഗൂഗിൾ ക്രോമിനെ മാറ്റുന്നത്. ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ കീഴിലുള്ള ബ്രൗസറാണെങ്കിൽ തന്നെയും അശ്രദ്ധമായി ഉപയോഗിക്കുകയാണെങ്കിൽ ക്രോമിൽ നിന്നും നിങ്ങളുടെ സ്വകാര്യ വിവരങ്ങളടക്കം നഷ്ടപ്പെടാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്.

ഗൂഗിൾ ക്രോം ആണ് പ്രഥമ ബ്രൗസറായി ഉപയോഗിക്കുന്നതെങ്കിലും പലരും ചില ഫീച്ചറുകൾ പ്രത്യേകമായി ലഭിക്കുന്ന മറ്റു ചില ബ്രൗസറുകൾ ക്രോമിൽ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാറുണ്ട്. കൂടാതെ അംഗീകൃതമായ രീതിയിലല്ലാതെ ഗെയിമുകൾ, ഗാനങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്യുന്നതിനായി ക്രോം സുരക്ഷാ മുന്നറിയിപ്പ് നൽകിയാലും അത് അവഗണിച്ച് കൊണ്ട് വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുമുണ്ട്. ഇങ്ങനെയുള്ള ക്രോം ഉപയോക്താക്കളുടെ സിസ്റ്റത്തിൽ ക്ളൗഡ് 9 എന്ന ബ്ളോറ്റ്നെറ്റിനെ കണ്ടെത്തിയതായാണ് വിവരം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് വഴി ഈ ബ്ളോട്ട്നെറ്റ് നിങ്ങളുടെ കമ്പ്യൂട്ടറുകളെ വലിയ രീതിയിൽ തന്നെ ബാധിക്കാം.

ബ്രൗസറിൽ വരുന്ന അഡോബ് ഫ്ലാഷ് പ്ലെയർ അപ്ഡേറ്റുകൾ വ്യാജമാണ് എന്ന തരത്തിലുള്ള മെസേജുകൾ ചില വെബ്സൈറ്റുകൾ സന്ദർശിച്ചവർക്ക് ലഭിച്ചിരുന്നു. ഈ കെണിയിൽ വിശ്വസിച്ച് നിർദേശാനുസൃതമായി ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നവരുടെ സിസ്റ്റത്തിൽ ക്ളൗഡ് 9 കടന്നു കയറും. ബ്ളോട്ട്‌വെയർ നിങ്ങളുടെ സിസ്റ്റത്തിൽ പ്രവേശിച്ചാൽ പാസ്‌വേഡുകൾ നഷ്ടപ്പെടുകയും അനുവാദം നൽകാതെ തന്നെ പരസ്യങ്ങൾ പോപ്പ് അപ്പ് ചെയ്യപ്പെടുകയും ചെയ്യും. ഉപയോക്താവ് അറിയാതെ തന്നെ മറ്റൊരു സിസ്റ്റത്തിൽ നിന്നും നിങ്ങളുടെ സിസ്റ്റത്തെ നിയന്ത്രിക്കാനും ബ്ളോട്ട്‌വെയറുകൾ മുഖേനേ സാധിക്കും.

ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് മാത്രം ബ്രൗസറുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നത് വഴി ബ്ളോട്ട്‌വെയറുകൾ വഴിയുള്ള സുരക്ഷാ വീഴ്ച പരിഹരിക്കാൻ സാധിക്കും. കൂടാതെ സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക. ബ്രൗസറുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാനും ശ്രമിക്കുക.