anavoor-nagappan-

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ ജോലിക്ക് ആളിനെ എടുക്കാൻ ഒഴിവുണ്ടെന്ന് കാട്ടി മേയറുടെ പേരിൽ തിരുവനന്തപുരം സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയ കത്ത് ഏറെ വിവാദമായിരുന്നു. കത്ത് വിവാദമായതോടെ താൻ അത്തരമൊരു കത്തെഴുതിയിട്ടില്ലെന്ന് മേയറും, കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും നിലപാട് സ്വീകരിച്ചു. ഇതോടെ വ്യാജകത്തിനെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ കത്തിനെ കവച്ചുവയ്ക്കുന്ന മറ്റൊരു കത്ത് ഇപ്പോൾ പ്രചരിക്കുകയാണ്. തിരുവനന്തപുരം ജില്ലാ മർക്കന്റെയിൻ സഹകരണ സംഘത്തിലേക്ക് ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് വിവരങ്ങളടക്കം സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എഴുതിയ കത്താണ് പ്രചരിക്കുന്നത്. ഒരു സ്വകാര്യ ചാനൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തു.

ബാങ്ക് ഭരണസമിതിയോട് ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേരുകൾ നിർദ്ദേശിക്കുന്ന കത്തിൽ അറ്റൻഡർ പോസ്റ്റിലേക്കുള്ള നിയമനം ഇപ്പോൾ നടത്തേണ്ടെന്നും ആനാവൂർ നിർദ്ദേശിക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാൻ പ്രത്യേക ഏജൻസിയെ വേണമെന്ന ചട്ടം നിലനിൽക്കുമ്പോഴാണ് ആനാവൂർ ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. മേയറുടെ പേരിലുള്ള കത്ത് വിവാദമായപ്പോൾ നിയമനത്തിന് കത്ത് നൽകുന്ന രീതി ഇല്ലെന്നാണ് ആനാവൂർ അഭിപ്രായപ്പെട്ടത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന കത്തിൽ ആനാവൂരിന്റെ പേരും ഒപ്പുമുണ്ട്. തിരുവനന്തപുരം സി പി എം ജില്ലാ കമ്മറ്റിയുടെ ലെറ്റർ ഹെഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. തലസ്ഥാനത്തെ ഓഫീസുകളിലെ താത്ക്കാലിക നിയമനങ്ങളിൽ പാർട്ടി ശക്തമായി ഇടപെടുന്നു എന്ന സൂചനയാണ് കത്ത് വിവാദത്തിലൂടെ പുറത്ത് വരുന്നത്.