temple

ചെർപ്പുളശ്ശേരി: ശരണമന്ത്ര മുഖരിതമായ മണ്ഡലകാലത്തെ വരവേൽക്കാൻ 'മലബാറിലെ ശബരിമല" എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻ കാവൊരുങ്ങി. ആയിരങ്ങൾ വൃശ്ചികപ്പുലരിയിൽ ശബരിമലയ്ക്ക് മാലയിട്ട് വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കാൻ അയ്യപ്പൻ കാവിലെത്തും.

തന്ത്രി അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ 40 ദിവസം നീളുന്ന വിശേഷാൽ പൂജ, നവകം, പഞ്ചഗവ്യം എന്നിവയുണ്ടാകും. മേൽശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമ്മിനാകും. 41-ാം ദിവസം വിശേഷാൽ കളഭാഭിഷേകമുണ്ടാകും. ദിവസവും ചുറ്റുവിളക്ക്, തിയ്യാട്ട് എന്നിവയും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സ്പെഷ്യൽ കേളിയുമുണ്ടാകും.

കഴിഞ്ഞ രണ്ടുവർഷവും കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങളോടെയുള്ള മണ്ഡല കാലമാണ് കടന്നുപോയത്. ഇത്തവണ നിയന്ത്രണങ്ങളൊന്നുമില്ല. അയ്യപ്പൻകാവ് പുനരുദ്ധാരണത്തിനും സ്വർണ്ണ കൊടിമര പ്രതിഷ്ഠയ്ക്കും ശേഷമുള്ള ആദ്യ മണ്ഡലകാലം കൂടിയാണിത്. മാലയിടാനും കെട്ടുനിറയ്ക്കും ഇത്തവണ കൂടുതൽ ഭക്തരെത്തുമെന്നാണ് പ്രതീക്ഷ. ഭക്തർക്ക് വിപുലമായ സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

ഐതിഹ്യം

ക്ഷിപ്രപ്രസാദിയും കരുണാമൂർത്തിയുമായ ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്താൽ ഇല്ലത്ത് ഒരു ഉണ്ണി പിറന്നു. ശാസ്താവിന്റെ പരമഭക്തനായി ജനിച്ചുവളർന്ന ഉണ്ണിനമ്പൂതിരി വിവാഹം പോലും മറന്നുപോയതു കാരണം ഇല്ലം അന്യം നിന്നുപോകുകയും ചെയ്തു .

ഇല്ലത്തെ കാര്യസ്ഥനായിരുന്ന ഉമിക്കുന്നത്ത് നായരുടെ ശ്രമഫലമായി ഈ ഇല്ലത്തെ ഒരു ദേവാലയമാക്കി മാറ്റി. നടുമുറ്റത്തെ മുല്ലപ്പന്തൽ ശ്രീകോവിലും നാലുകെട്ട് തിടപ്പള്ളിയുമായി മാറി.

വേദ വേദാന്ത ഉപനിഷദ് തുടങ്ങി എല്ലാ കാര്യങ്ങളും അഭ്യസിച്ചു സർവ്വജ്ഞ പീഠത്തിലേറിയ ധർമ്മശാസ്താവിന്റെ ക്ഷേത്രമായതുകൊണ്ടുതന്നെ എല്ലാദിവസവും വിദ്യാരംഭം കുറിക്കുന്നതിന് അതിപ്രധാന്യമുള്ള ക്ഷേത്രമാണ് ശ്രീ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് .

ഗൃഹസ്ഥാശ്രമിയായ ധർമ്മശാസ്താവിനെ ഭജിക്കുന്നത് സൽസന്താന ലബ്ധിക്ക് അത്യുത്തമമായതിനാൽ ഗർഭിണികളായ സ്ത്രീകൾക്ക് ഏഴാം മാസത്തിൽ എട്ടുപിറക്കൽ ചടങ്ങ് നടത്തുന്നു. ഈ ചടങ്ങിൽ രണ്ട് നാളികേരം ഉടച്ചു പ്രാർത്ഥിക്കുന്നു. ഇത് ഇവിടുത്തെ പ്രധാന വഴിപാടാണ്. അഭീഷ്ടകാര്യ ഫലസിദ്ധിക്കുവേണ്ടി അയ്യപ്പൻ തീയ്യാട്ട് നടത്തപെടുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ അയ്യപ്പൻകാവ്.

തീയ്യാട്ട്

തീയ്യാട്ട് എന്നാൽ ദൈവമായിട്ടാടൽ എന്നാണ് അർത്ഥം. തൈയ്യാട്ട് എന്നതിന്റെ തത്ഭവമാണ് തീയ്യാട്ട് . ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ ഏറ്റവും ശ്രേഷ്ഠവും പ്രാചീനവും ശാസ്താവിന് ഇഷ്ടപ്പെട്ടതും പാരമ്പര്യാധിഷ്ഠിതവുമായ അനുഷ്ഠാനകലയാണ് തീയ്യാട്ട് . അതിപുരാതനമായ ഈ വഴിപാട് പാരമ്പര്യമായി തീയ്യാടി നമ്പ്യാർ സമുദായക്കാരാണ് നടത്തിവരുന്നത്. തീയ്യാട്ട് വഴിപാടിന്റെ പ്രത്യേകത എന്തെന്നാൽ, തീയ്യാട്ട് വഴിപാട് കണ്ട് തൊഴുതാൽ മനസ്സിൽ വിചാരിച്ച കാര്യം നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. കാര്യസാദ്ധ്യം, വിവാഹ തടസ്ഥങ്ങൾ , ശനി ദോഷങ്ങൾ, സന്താന സൗഭാഗ്യം , ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ, എന്നിവയ്ക്കാണ് ഭക്തർ ഈ വഴിപാടിൽ വിശ്വാസം അർപ്പിക്കുന്നത്. വൈകുന്നേരം 7നും 8:45നും ഇടയിലാണ് ഈ വഴിപാട് നടത്തുന്നത്. പായസം , അപ്പം , കളപൊടി , എന്നിവയാണ് പ്രസാദങ്ങൾ.

അട നിവേദ്യം

മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന അയ്യപ്പൻകാവിൽ ഭഗവാന്റെ പ്രഥമനിവേദ്യമായി അറിയപ്പെടുന്ന അടനിവേദ്യം ഇന്നും ഉത്തമ വഴിപാടാണ്. ആദ്യമായി ഭഗവാന് നിവേദിച്ചത് അടയാണ് എന്നതിലാണ് പ്രാധാന്യമായി കണക്കാക്കുന്നത്.

ക്ഷേത്രത്തിലെ പ്രത്യേകതകൾ

മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന അയ്യപ്പൻകാവ് ക്ഷേത്രത്തിൽ രാവിലെ 6:30നും 10:30നും രാത്രി 7:15നും മൂന്ന് ശീവേലി നടക്കുന്ന പ്രധാന ക്ഷേത്രമാണ്. കുംഭമാസത്തിലെ ഉത്രംവാരത്തിനു കൊടിയേറി പത്തു ദിവസത്തെ ഉത്സവം ആഘോഷിക്കുന്നു. ആറ് ഉത്സവ ബലിയും നൂറ് പറ അരി കൊണ്ടുള്ള കഞ്ഞിസദ്യയും പ്രധാനമാണ്. ഉത്സവം 10 ദിവസവും അന്നദാനവും നടത്തപ്പെടുന്നു. ഉത്രംവാരസദ്യ ഉത്സവത്തിന്റെ പ്രത്യേകതയാണ്. കിണർ കുഴിച്ചു വെള്ളംകണ്ടാൽ നാളികേരമേറ് നടത്താറുണ്ട് മുട്ടറുക്കലും പ്രധാനമാണ് കർക്കിടകത്തിലെ രാമായണ മാസാചരണവും വിശേഷമാണ് വിദ്യാരംഭം ഇവിടെ മഹത്തരമായ ചടങ്ങാണ്.

ഉപദേവതകൾ

ഗണപതി, ശിവൻ, നവഗ്രഹങ്ങൾ, നാഗം, ബ്രഹ്മരക്ഷസ്സ്, ഭൈരവൻ, ക്ഷേത്രത്തിന്റെ കീഴേടമായി അറേക്കാവ് ഭഗവതി ക്ഷേത്രവും കൊപ്പംപട്ടാമ്പി റോഡിൽ 20 കിലോമീറ്റർ മാറി ആമയൂർ വെട്ടിക്കാട്ട് മഹാവിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.