governor

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപമാനിച്ചുകൊണ്ട് തിരുവനന്തപുരം സംസ്കൃത കോളേജിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനർ നീക്കി. സംഭവവുമായി ബന്ധപ്പെട്ട് രാജ്‌ഭവൻ വിശദീകരണം തേടിയതിന് പിന്നാലെയാണ് ബാനർ നീക്കിയത്. ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാനറിനെക്കുറിച്ച് പ്രിൻസിപ്പളിനോട് വിശദീകരണം ആവശ്യപ്പെടാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. സംഭവം വിവാദമാവുകയും മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോളേജിന്റെ മുൻഭാഗത്തെ ഗേറ്റിന് മുകളിലായി ബാനർ സ്ഥാപിച്ചത്. 'ഗവർണറുടെ തന്തയുടെ വകയല്ല രാജ്‌ഭവൻ' എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട രാജ്‌ഭവൻ ഉദ്യോഗസ്ഥർ വിസിയെ വിവരം അറിയിച്ചു. ചിത്രങ്ങളും കൈമാറി. തുടർന്നാണ് രജിസ്ട്രാർ വഴി പ്രിൻസിപ്പളിനോട് വിശദീകരണം തേടിയത്. പിന്നാലെ ബാനർ നീക്കാൻ എസ്എഫ്ഐ നേതൃത്വം യൂണിറ്റ് ഭാരവാഹികൾക്ക് നിർദേശം നൽകുകയായിരുന്നു.