മലയാളസിനിമയെ വിശ്വചലച്ചിത്ര ഭൂപടത്തിൽ ആദ്യമായി അടയാളപ്പെടുത്തിയ സ്വയംവരം പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് അമ്പത് വർഷമാകുന്നു. തന്റെ ആദ്യ
കഥാചിത്രമായ സ്വയംവരത്തിൽ എത്തിയ കഥ  അടൂർ ഗോപാലകൃഷ്ണൻ പറയുന്നു

മലയാള സിനിമയുടെ ഗതിമാറ്റി വിട്ട സ്വയംവരത്തിന് അമ്പതുവയസാകുന്നു.1972 നവംബർ 24 നാണ് ലോകസിനിമയിൽ ഇന്ത്യയുടെ മേൽവിലാസങ്ങളിലൊന്നായി മാറിയ അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാപ്രതിഭയുടെ കൈയ്യൊപ്പ് ആദ്യമായി ചാർത്തിയ കഥാചിത്രം സ്വയംവരം പ്രേക്ഷകർക്കു മുന്നിലേക്കെത്തിയത്.
സ്വയംവരത്തിലേക്ക് എങ്ങനെ എത്തിച്ചേർന്നു:അടൂർ വിശദീകരിച്ചു.
എന്റെ മുപ്പതാമത്തെ വയസിലാണ് ഞാൻ സ്വയംവരം സംവിധാനം ചെയ്തത്.
ചിത്രലേഖ ഫിലിം സൊസൈറ്റി (ചിത്രലേഖ ഫിലിം കോപ്പറേറ്റീവ് ) തുടങ്ങുന്നത് 1965 ലാണ്. തിരുവനന്തപുരത്ത് ചിത്രലേഖയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഫിലിം സൊസൈറ്റികളും . നല്ല സിനിമയെക്കുറിച്ച് അവബോധമുണ്ടാക്കാൻ വേണ്ടിയാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ഒപ്പം നമ്മൾക്കും നല്ല സിനിമ കാണാമല്ലോയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു.
അങ്ങനെയാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിഷ നിന്നും വന്നശേഷം ഒരു പടം എടുക്കാമെന്നു കരുതി ഇറങ്ങിത്തിരിച്ചത്. പല പടങ്ങൾക്കും തിരക്കഥ എഴുതിയ സുഹൃത്തായിരുന്നു സി.എൻ.ശ്രീകണ്ഠൻനായർ.അദ്ദേഹത്തോട് ഒരു സ്ക്രിപ്റ്റെഴുതാൻ പറഞ്ഞു.പടം നിർമ്മിക്കാൻ കാശില്ല .ഫിലിം ഫൈനാൻസ് കോർപ്പറേഷന് ആ തിരക്കഥ വച്ച് വായ്പയ്ക്ക് അപേക്ഷിച്ചു.' കാമുകി 'എന്നായിരുന്നു സിനിമയുടെ പേര്.അതൊരു പ്രേമകഥയായിരുന്നു..അവർക്കത് ഇഷ്ടമായില്ല.
ഇനി എന്താണ് അടുത്തവഴിയെന്ന് ചിന്തിച്ചു.തിരുവനന്തപുരത്തുകാരനായ മരിയാനോ എന്ന ആൾ കുവൈറ്റിൽ നിന്ന് തിരിച്ചത്തി ഫിലിം സൊസൈറ്റിയിലൊക്കെ അംഗത്വമെടുത്തിരുന്നു. സിനിമയിലൊക്കെ താത്പ്പര്യമുള്ളയാൾ.അയാളുടെ കൈയ്യിൽ പണമുണ്ടായിരുന്നു.അദ്ദേഹം സിനിമ നിർമ്മിക്കാമെന്നു പറഞ്ഞ് മുന്നോട്ടുവന്നു. ഷൂട്ടിംഗ് തീരുമാനിച്ചു.മാവേലിക്കരയിലായിരുന്നു ഷൂട്ടിംഗ്.
അരവിന്ദനായിരുന്നു ആർട്ട് ഡയറക്ടർ.ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെകൂടെ പഠിച്ചിരുന്ന കൊച്ചിക്കാരൻ ആറ്റ്ലിയായിരുന്നു ഛായാഗ്രാഹകൻ.മെരിലാൻഡിൽ നിന്നെടുത്ത ഉപകരണങ്ങളുമൊക്കെയായിട്ടായിരുന്നു ഷൂട്ടിംഗ്. മുൻപരിചയമില്ലാത്തതിന്റെ ദോഷങ്ങളെല്ലാം അതിനുണ്ടായിരുന്നു.ഷൂട്ട് ചെയ്യാൻ തിരഞ്ഞെടുത്ത സമയം തന്നെ ഇടവപ്പാതിക്കാലമായിരുന്നു.കാമറ പുറത്തോട്ട് എടുത്തുവച്ചാലുടൻ മഴ പെയ്യുമായിരുന്നു.അഭിനയിക്കാൻ മധു,ഉഷാനന്ദിനി,പി.ജെ.ആന്റണി,അടൂർഭാസി തുടങ്ങി അറിയപ്പടുന്ന ആർട്ടിസ്റ്റുകൾ ഒക്കെയുണ്ടായിരുന്നു.മൂന്നോ നാലോ ദിവസം ഷൂട്ട് ചെയ്തു.അപ്പോഴേക്കും പെരുമഴയായി.മരിയാനോയുടെ കൈയ്യിലെ പൈസയും തീർന്നു.സിനിമ പാതിവഴിക്കു മുടങ്ങി.
കുറേക്കാലം കഴിഞ്ഞ് രാജീവ്നാഥിന് കാമുകിയുടെ അവകാശങ്ങളൊക്കെ കൊടുത്തു. രണ്ടോ മൂന്നോ പാട്ടുണ്ടായിരുന്നു ആ ചിത്രത്തിൽ .തീരങ്ങൾ എന്ന പേരിൽ രാജീവ്നാഥ് വേറെ അഭിനേതാക്കളെ വച്ച് ആ പടമെടുത്തു.രാജീവ്നാഥ് തന്ന പണം കൊണ്ട് മരിയാനോ മുടക്കിയ തുക കൊടുത്തു.സി.എൻ.ചേട്ടനും തിരക്കഥയ്ക്ക് പണം കൊടുത്തു.68 ലോ 69 ലോ ആയിരുന്നു അത്.സ്വയംവരത്തിനു തൊട്ടുമുമ്പ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ' പ്രതിസന്ധി 'എന്നൊരു പടവുമെടുത്തു..അതുകഴിഞ്ഞാണ് സ്വയംവരത്തിലേക്ക് വന്നത്
ശാരദ അന്ന് ടോപ്സ്റ്റാറാണ്.മദ്രാസിലെ ഒരു സുഹൃത്ത് മുഖാന്തിരമാണ് അവരെ വിളിച്ചത്.അവർ ഒരു കാര്യമേ പറഞ്ഞുള്ളു.പ്രതിഫലമായി 25000 രൂപ വേണം.ബഡ്ജറ്റിൽ ആർട്ടിസ്റ്റിനു കൊടുക്കാൻ പതിനായിരം രൂപയെ വകയിരുത്തിയിരുന്നുള്ളു.അതുതന്നെ പരമാവധി ചെലവ് ചുരുക്കിപ്പിടിച്ച് സ്വരൂപിച്ച തുകയാണ്.പിന്നെ എന്റെ പേമെന്റിൽ നിന്ന് 15000 രൂപകൂടി ചേർത്താണ് ശാരദയ്ക്ക് ആ പ്രതിഫലം നൽകിയത്.
ദേശീയ അംഗീകാരം
'സ്വയംവരത്തിനു ലഭിച്ച ദേശീയാംഗീകാരമാണ് മുന്നോട്ടുള്ള ചലച്ചിത്രയാത്രയ്ക്ക് പ്രേരണയും കരുത്തുമായതെന്നതിൽ സംശയമില്ല. സംസ്ഥാന അവാർഡിലും ദേശീയ അവാർഡിനുള്ള റീജണൽ ജൂറിക്കു മുന്നിലും ചിത്രം ബോധപൂർവം തഴയപ്പെട്ടു. ആദ്യ റിലീസും ബോക്സോഫീസ് വിജയമായില്ല. നമ്മളിലുള്ള ആത്മവിശ്വാസം പോലും നഷ്ടമാകുന്ന അവസ്ഥ. ദേശീയ അവാർഡ് കിട്ടിയില്ലായിരുന്നെങ്കിൽ അന്ന് തുടങ്ങിവച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനം പോലും തകർന്നുപോകുമായിരുന്നു."--അടൂർ പ്രതികരിച്ചു.
അന്ന് കേരള സംസ്ഥാന ഫിലിം അവാർഡ് ജൂറിയുടെ ചെയർമാൻ പി.കെ.നായരായിരുന്നു. പക്ഷേ അദ്ദേഹത്തെ നോക്കുകുത്തിയാക്കി സ്വയംവരത്തിന് അവാർഡ് നൽകാതിരിക്കാനുള്ള ചിലരുടെ നീക്കം ലക്ഷ്യംകണ്ടു. പുതിയ പരീക്ഷണം വിജയിക്കാൻ പാടില്ലെന്ന് ശാഠ്യമുള്ളവർ. ദേശീയ അവാർഡിനുള്ള മദ്രാസ് റീജിയണൽ കമ്മിറ്റിയിൽ അംഗങ്ങളായ രണ്ട് മലയാളികൾ അവിടെയും ഈ നിലപാട് സ്വീകരിച്ചു. "ദേശീയ അവാർഡിന് മത്സരിക്കാൻ തിരഞ്ഞെടുത്ത പടങ്ങളുടെ ലിസ്റ്റ് വന്നപ്പോൾ സ്വയംവരം ഇല്ല. ഞങ്ങൾ അന്നത്തെ കേന്ദ്ര വാർത്താവിതരണ( ഐ ആൻഡ് ബി ) വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് ഒരു ടെലിഗ്രാം അടിച്ചു.
ഇവിടുത്തെ പോളിറ്റിക്സിന്റെ ഭാഗമായിട്ടാണ് സ്വയംവരം തഴയപ്പെട്ടതെന്നും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച യുവാക്കളുടെ ചിത്രമാണെന്നും, നാഷണൽ ജൂറി ഞങ്ങളുടെ പടം കാണണമെന്നും ഒറ്റ അപേക്ഷമാത്രമേയുള്ളൂ എന്നും പറഞ്ഞായിരുന്നു കമ്പി. പക്ഷേ മറുപടി ലഭിക്കാത്തതിനാൽ അത് മനസിൽനിന്ന് വിട്ടു." അടൂർ ഓർമ്മിച്ചു.
'തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിന്റെ മുമ്പിൽ അന്ന് വേണുഗോപാലനിലയം എന്നൊരു ഹോട്ടലുണ്ടായിരുന്നു. അവിടെ ഞാനും കുളത്തൂർ ഭാസ്ക്കരൻനായരും ( ചിത്രലേഖ ) കെമിക്കൽ എക്സാമിനറായിരുന്ന കൃഷ്ണപിള്ള എന്ന സുഹൃത്തും ചായകുടിക്കാനിരിക്കുമ്പോൾ ആകാശവാണിയിൽ വൈകിട്ട് ആറുമണിയുടെ ഇംഗ്ളീഷ് വാർത്തയിൽ മലയാളം ഫിലിം സ്വയംവരം ഗെറ്റ്സ് ദി നാഷണൽ അവാർഡ് ഫോർ ബെസ്റ്റ് ഫിലിം എന്നുകേട്ടു . ഞങ്ങൾ അന്തംവിട്ടുപോയി. ആകാശവാണിക്ക് തെറ്റുപറ്റിയെന്നു ഞങ്ങളങ്ങ് തീരുമാനിച്ചു. കാരണം പ്രിന്റ് അയച്ചു കൊടുത്തിരുന്നില്ല. ഞങ്ങളുടെ ടെലിഗ്രാമിന് മറുപടി കിട്ടിയിരുന്നുമില്ലല്ലോ. അടുത്ത ദിവസത്തെ പത്രങ്ങൾ കണ്ടപ്പോഴാണ് വിശ്വാസമായത്. മോസ്ക്കോ ഫിലിം ഫെസ്റ്റിവലിൽ എൻട്രിയായിരുന്നു സ്വയംവരം. അവിടേക്കയച്ച പ്രിന്റ് ഫെസ്റ്റിവൽ കഴിഞ്ഞ് ഐ ആൻഡ് ബി മിനിസ്ട്രിയിൽ തിരികെവന്ന് കിടപ്പുണ്ടായിരുന്നു. ഞങ്ങളുടെ ടെലിഗ്രാം കണ്ട ഏതോ നല്ല മനുഷ്യർ പ്രിന്റ് ജൂറിക്കു സമർപ്പിച്ചു.
അന്നത്തെ വലിയ ഇന്റലക്ച്വലായ രമേഷ് ഥാപ്പറായിരുന്നു നാഷണൽ ജൂറിയുടെ ചെയർമാൻ. നമ്മുടെ തകഴിയടക്കം അതിപ്രഗത്ഭരടങ്ങുന്നതായിരുന്നു ജൂറി. അവർക്ക് പടം ഭയങ്കരമായി ഇഷ്ടപ്പെട്ടു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ(മങ്കട രവിവർമ്മ ) , മികച്ച നടി (ശാരദ ) എന്നിങ്ങനെ നാല് അവാർഡുകൾ. അന്നോ അതിനുശേഷമോ ഇത്രയും മേജർ അവാർഡുകൾ ഒരു ചിത്രത്തിനു ലഭിച്ചിട്ടില്ല. 
നിർമ്മാണ ചെലവ് രണ്ടര ലക്ഷം
രണ്ടരലക്ഷം രൂപയായിരുന്നു സ്വയംവരത്തിന്റെ നിർമ്മാണച്ചെലവ്. ഒന്നരലക്ഷം രൂപ ഫിലിം ഫൈനാൻസ് കോർപ്പറേഷനിൽ നിന്നും വായ്പയെടുത്തു. ബാക്കി ഡോക്യുമെന്ററിയിലൂടെയും മറ്റും സ്വരൂപിച്ചതായിരുന്നു. ചിത്രലേഖ ഫിലിം കോപ്പറേറ്റീവിന്റെ ബാനറിലാണ് നിർമ്മാണ നിർവഹണം.
തിരുവനന്തപുരമായിരുന്നു കഥയുടെ പശ്ചാത്തലം. തിരുവനന്തപുരത്തേക്ക് കേരളത്തിന്റെ വടക്കുഭാഗത്തുനിന്നു വന്ന രണ്ടുപേർ. ഒളിച്ചോടി വന്നവരല്ല.  ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചുവന്നവരാണ്. ഒരാണും പെണ്ണും ഒരുമിച്ചുജീവിക്കാൻ തീരുമാനിക്കുമ്പോൾ നമ്മുടെ സമൂഹം ഏതുരീതിയിലാണ് അവരെ പിന്തുണയ്ക്കുന്നത് ? അവരെ പ്രതിരോധിക്കുന്നത്? അതൊക്കെയാണ് സ്വയംവരം മുന്നോട്ടുവച്ചത് . അന്ന് കേരളത്തിൽ രൂക്ഷമായ തൊഴിലില്ലായ്മയാണ്. അതെല്ലാം ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട് , വളരെ സമകാലികമാണ്. 13 കേന്ദ്രങ്ങളിൽ ആദ്യം റിലീസ് ചെയ്തു. പാട്ടില്ലാതെയും അടൂർഭാസി ഇല്ലാതെയും പടമെടുത്തോ എന്നൊക്കെ ചോദ്യം വന്നു. അധികം തിയറ്ററുകളിൽ ഒരാഴ്ചയിൽ കൂടുതൽ ഓടിയില്ല. ദേശീയ അവാർഡ് കിട്ടിയപ്പോൾ ഞങ്ങൾ വീണ്ടും റിലീസ് ചെയ്തു. എല്ലാ ഷോയും ഫുൾ. ഒരുമാസം കൊണ്ട് മുടക്കുമുതലും പലിശയുമെല്ലാം തിരിച്ചുവന്നു. ഫിലിം ഫൈനാൻസ് കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി മൂന്നുമാസത്തിനകം വായ്പയും പലിശയും തിരിച്ചടച്ചു. അവർ പലിശ കുറച്ചുതന്നു."
സ്വയംവരത്തിന് നാഷണൽ അവാർഡ് കിട്ടിയിരുന്നില്ലെങ്കിൽ നമ്മൾ കൊണ്ടുവന്ന പ്രസ്ഥാനം തന്നെ തകർന്നുപോകുമായിരുന്നു.നമ്മൾക്കുതന്നെ നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെടുമായിരുന്നു.ബോക്സോഫീസ് ഫെയിൽ ചെയ്യുന്നു.അവാർഡുകളിൽ ചൂത്തയായി പോകുന്നു.അപ്പോഴാണ് ആത്മവിശ്വാസം വാനോളം ഉയർത്തി ദേശീയ അവാർഡ് പ്രഖ്യാപനം വന്നത്. -അടൂർ പറഞ്ഞു.