
സഹകരസ്ഥാപനത്തിലെ നിയമനങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള തിരുവനന്തപുരം സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരിൽ പുതിയൊരു കത്ത് ഇന്ന് പുറത്തായിരുന്നു. തിരുവനന്തപുരം ജില്ലാ മർക്കന്റെയിൻ സഹകരണ സംഘത്തിലേക്ക് ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് വിവരങ്ങളടക്കം സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എഴുതിയ കത്താണ് പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ കോൺഗ്രസ് നേതാവ് വി ടി ബൽറാം പ്രതികരണവുമായെത്തി. നേതാക്കളുടെ ഭാര്യമാരേയും, സാധാരണ പ്രവർത്തകരെയും, അവർക്ക് താഴേയുള്ളവരെയും തരം തിരിച്ച് ജോലി നൽകുന്ന രീതിയാണ് ഇപ്പോൾ സി പി എമ്മിനുള്ളതെന്നും അതാണ് ഇപ്പോൾ സിപിഎമ്മിന്റെ 'വർഗ്ഗ സമരം'മെന്നും വി ടി ബൽറാം പരിഹസിക്കുന്നു. പൊതു പണം സ്വന്തം പാർട്ടിക്കാർ വഴി അടിച്ചുമാറ്റുന്ന വലിയൊരു കവർച്ചാ സംഘമാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ സി പി എം നടത്തിയ രാജ്ഭവൻ മാർച്ചിനെയും അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആര്യാ രാജേന്ദ്രന്റെ കത്ത് വ്യാജമാണെന്ന് ഏത് ക്രൈം ബ്രാഞ്ച് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കാത്തതിന്റെ കാരണം ഇതാണ്.
ഇതിവിടത്തെ പതിവ് സംഭവമാണ്.
കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ പൊതു നിയമനങ്ങളൊക്കെ സിപിഎമ്മുകാർക്ക് സംവരണം ചെയ്യപ്പെട്ടതാണ്. നിയമനാധികാരികൾ സിപിഎം നേതാക്കൾ തന്നെയാണ്. പരീക്ഷയും ഇന്റർവ്യൂവുമൊക്കെ വെറും പ്രഹസനമാണ്.
ഇങ്ങനെ നിയമിതരാകുന്ന മുഴുവനാളുകളിൽ നിന്നും അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം ലെവി ആയി സിപിഎം പാർട്ടി ഖജനാവിലേക്ക് മാസാമാസം എത്തുന്നുണ്ട്. പൊതു പണം സ്വന്തം പാർട്ടിക്കാർ വഴി അടിച്ചുമാറ്റുന്ന വലിയൊരു കവർച്ചാ സംഘമാണ് ഇന്ന് കേരളം ഭരിക്കുന്നത്.
ഓരോ തലത്തിലേയും സിപിഎമ്മുകാർക്കും ബന്ധുക്കൾക്കും അവരുടെ കാറ്റഗറിക്കനുസരിച്ചാണ് നിയമനം. വലിയ നേതാക്കളുടെ ഭാര്യമാർക്ക് സർവ്വകലാശാലയിലേയും മറ്റും ലക്ഷങ്ങൾ ശമ്പളമുള്ള പ്രൊഫസർ, അസി. പ്രൊഫസർ ജോലികൾ. സാദാ സഖാക്കൾക്ക് കോർപ്പറേഷനിലേയും സഹകരണ സ്ഥാപനങ്ങളിലേയും ജോലികൾ. അതിലും താഴെയുള്ളവർക്ക് താത്ക്കാലിക ജോലികൾ. ഇങ്ങനെ പാർട്ടിക്കാരെ വിവിധ കാറ്റഗറികളിലാക്കി തിരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് മാത്രമാണ് ഇപ്പോൾ സിപിഎമ്മിന്റെ "വർഗ്ഗ സമരം".
അതിൽ നേതാക്കളുടെ ഭാര്യമാരുടെ നിയമനം സ്ഥിരപ്പെട്ടു കിട്ടാനും ഇനിയും അത്തരം നിയമനങ്ങൾ നിർബാധം നടത്താനുമാണ് ഇന്നലെ "ഒരു ലക്ഷം" സിപിഎമ്മുകാർ വണ്ടി പിടിച്ച് തിരുവനന്തപുരത്ത് വന്ന് രാജ്ഭവന് മുന്നിൽ വെയില് കൊണ്ടത്.