fifa-world-cup-

കാൽപ്പന്തുകളിയുടെ ആരാധകർക്ക് ഊദ് പുകച്ച് സുഗന്ധം പരത്താൻ ഒരുങ്ങിനിൽക്കുകയാണ് ഖത്തറെന്ന ചെറുരാജ്യം. 21 ലോകകപ്പുകൾക്കിടെ ഒരു തവണ മാത്രമാണ് ഏഷ്യൻ വൻകരക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത്. 2002ലെ ആ ലോകകപ്പിന് ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായിട്ടായിരുന്നു ആതിഥേയത്വം വഹിച്ചത്. 20 കൊല്ലങ്ങൾക്ക് ശേഷമുള്ള ലോക മാമാങ്കത്തിന് അമേരിക്കയടക്കമുള്ള വൻ അപേക്ഷകരുടെ കടുത്ത വെല്ലുവിളികൾ മറികടന്നു കൊണ്ടാണ് ഖത്തർ ലോകത്തെ വിസ്മയിപ്പിച്ചത്. ലോകോത്തര നിലവാരമുള്ള എട്ട് മൈതാനങ്ങൾ 100 കിലോമീറ്റർ ദൂരത്തിനുള്ളിൽ നിർമ്മിച്ച് ലോകത്തിന് മുന്നിൽ തുറന്നിട്ടിരിക്കുകയാണ് ഖത്തർ.

world-cup

ലോകകപ്പിനായി തങ്ങളുടെ രാജ്യത്തേക്ക് വരുന്ന ടീമുകൾക്കും വിവിധ ദേശക്കാരായ കളിപ്രേമികൾക്കും കടലിലും മരുഭൂമിയിലുമായി അത്ഭുതങ്ങളുടെ പറുദീസയാണ് ഖത്തർ കാത്തുവച്ചിരിക്കുന്നത്. ഇടയ്ക്ക് ഫൗൾപ്ലേയുമായി കൊവിഡ് മഹാമാരി വന്നെങ്കിലും അതിനെയെല്ലാം മറികടന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് കാണാൻ ലോകത്തെ സ്വാഗതം ചെയ്യുകയാണ് ഖത്തർ. ലോകകപ്പിനായി ഇത്ര നേരത്തെ തയ്യാറായ ഒരു രാജ്യവും ചരിത്രത്തിലില്ലെന്ന് ഫിഫയുടെ പ്രസിഡന്റ് തന്നെ പറയുമ്പോൾ ഒന്നുറപ്പാണ്. അത് അറബിക്കഥയിലെ ആയിരത്തിയൊന്ന് രാവുകൾ പോലെ ഹൃദ്യവും സുന്ദരവുമായിരിക്കും.

ലോകത്തിലെ ഏത് മനുഷ്യനോടും വളരെ ലളിതമായി ഇടപെടാൻ കഴിയുന്നത് കൊണ്ടാണ് ഫുട്‌ബോൾ എന്ന കളി ഏറ്റവും കൂടുതൽ ആസ്വാദകരുള്ള കായികവിനോദമായി മാറിയത്. രാഷ്ട്രീയം, വംശീയത, കണ്ണുനീർ, ആഹ്ലാദം, ദാരിദ്ര്യം, സമ്പത്ത് എന്തിനേറെ വർഗവർണ്ണങ്ങളിലെ വേർതിരിവുകൾ ഇതെല്ലാം കാൽക്കീഴിൽ ഉരുളുന്ന പന്തിനൊപ്പം ചലിച്ചിരിക്കുന്നത് ചരിത്രത്തിന്റെ ഏടുകളിൽ നമുക്ക് കാണാനാവും. മൈതാനത്ത് കളി നടക്കുമ്പോൾ കളിക്കാർ മാത്രമല്ല അതിന്റെ ഭാഗമാവുന്നത്. അത് കാണുന്ന കാണികളും കൂടിയാണ്. കളിക്കാർ അനുഭവിക്കുന്ന തീവ്രമായ ഉൾവേവും, സങ്കടവും, ആഹ്ലാദവും കളി കാണുന്ന കാണികളിലേക്കും പകരുന്ന മനോഹരമായ ആ മാന്ത്രികവിദ്യയാണ് ഫുട്‌ബോളിന്റെ ജീവൻ. ഫുട്‌ബോൾ പലപ്പോഴും വിമോചനത്തിന്റെ പാതകളിലൂടെയും ഉരുണ്ടിട്ടുണ്ട്. വെളുത്തവന്റെ ധാർഷ്ട്യത്തിനും മേൽക്കോയ്മയ്ക്കും മേൽ കറുത്തവനും സങ്കരവർഗക്കാരനും തങ്ങളുടെ സ്വത്വത്തിന്റെ ചൂടും ചൂരും കൊണ്ട് ആഴത്തിൽ പ്രഹരിച്ച് ആഹ്ലാദിച്ചിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു ഫുട്‌ബോൾ ലോകം തങ്ങളുടെ കാൽക്കീഴിലാക്കിയ സാക്ഷാൽ പെലെയും മറഡോണയുമൊക്കെ.

world-cup

ഫുട്‌ബോളിന് എല്ലാ കാലത്തും സുന്ദരമായ രാഷ്ട്രീയവും സാമൂഹികവുമായ ഒരു മാനമുണ്ട്. അത് കൊണ്ടാണ് ഇതിഹാസതാരം മറഡോണക്ക് ക്യൂബൻ പ്രസിഡന്റായിരുന്ന സാക്ഷാൽ ഫിദൽ കാസ്‌ട്രോയോടുള്ള സൗഹൃദവും മറഡോണയുടെ ഹവാന ചുരുട്ടിനോടുള്ള ഇഷ്ടവുമൊക്കെ ബാർബർഷോപ്പുകളിൽ സംസാരവിഷയമായത്. ദൂരദിക്കിലുള്ള ഒരു നാട്ടിലെ രാഷ്ട്രീയം കൊച്ചു കേരളത്തിൽ വരെ ചർച്ച ചെയ്യുന്നതിൽ നിന്നും ഫുട്‌ബോൾ മനുഷ്യനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. കരിയറിലെ സുവർണകാലത്ത് വംശീയ അധിക്ഷേപങ്ങളിൽ മനംനൊന്ത് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് പടിയിറങ്ങിയ ജർമൻ മദ്ധ്യനിരയിലെ ഇതിഹാസമായിരുന്ന മെസ്യൂട്ട് ഓസിലിനെ വിസ്മരിക്കുന്നില്ല.


എല്ലിൽ പടരുന്ന വൈകാരികത സമ്മാനിക്കുന്ന ഫുട്‌ബോളിന് കുടിയേറ്റങ്ങളുടെയും പലായനങ്ങളുടെയും കഥകൾ ഒരുപാട് പറയാനുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയിലെ ലെസാത്തോ പട്ടണത്തിൽ നിന്നും, അക്കാലത്ത് അടിമ കച്ചവടത്തിന്റെ കേന്ദ്രമായിരുന്ന ഉറുഗ്വായ് തലസ്ഥാനമായ മോണ്ടിവീഡിയോയിൽ എത്തിപ്പെട്ട് പിന്നീട് ഒരു അടിമയുടെ മകൻ എന്ന ലേബലിൽനിന്ന് ഉറുഗ്വായ് ദേശീയടീമിന്റെ നെടുംതൂണായി മാറിയ ഇസബെലീനോ ഗ്രാഡിൻ തൊട്ട്, 1998ൽ ഫ്രാൻസിനെ ലോകചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അൾജീരിയൻ പാരമ്പര്യം പേറുന്ന സാക്ഷാൽ സിനദിൻ സിദാനും, കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ മദ്ധ്യനിര ഭരിച്ച മാലി വംശജനായ എൻഗോളോ കാണ്ടെയടക്കം എത്രയോ നിരവധി സാക്ഷ്യങ്ങൾ. അതുപോലെ വംശവർഗങ്ങളുടെ അതിരുകൾ മായ്ച്ച് മാനവികതയുടെയും മനുഷ്യത്വത്തിന്റെയും കുലീനമായ പല അടയാളങ്ങളും ഫുട്‌ബോൾ മാനവരാശിക്ക് സമ്മാനിച്ചിട്ടുണ്ട്.

ലോകകപ്പിലെ രാഷ്ട്രീയ ഇടപെടലുകൾക്ക് ലോകകപ്പ് മത്സരങ്ങളോളം പഴക്കവും ചരിത്രവുമുണ്ട്. 1930ലെ ആദ്യ ലോകകപ്പിൽ പല യൂറോപ്യൻ രാജ്യങ്ങളും ഉറുഗ്വെയിൽ ലോകകപ്പ് കളിക്കാൻ തങ്ങളുടെ ടീമിനെ അയച്ചില്ല. 1934ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിൽ പങ്കെടുക്കാതെ ഉറുഗ്വെ തിരിച്ചടിച്ചു.1934ലെ ലോകകപ്പിൽ അന്നത്തെ ഇറ്റാലിയൻ ഭരണാധികാരി, ഏകാധിപതിയായ ബെനറ്റോ മുസോളിനി സ്വന്തം ടീമിനെ സഹായിക്കാൻ റഫറിമാരെ തീരുമാനിച്ചുവെന്ന വിവാദം ഉടലെടുത്തു. ജർമ്മൻ ടീമിന്റെ നാസി സല്യൂട്ട് ഹിറ്റ്ലറിന്റെ രാഷ്ട്രീയത്തെ ലോകകപ്പ് വേദിയിൽ കൊണ്ടുവന്നു.

1938ൽ ലാറ്റിനമേരിക്കയ്ക്ക് പകരം യൂറോപ്പിന് തന്നെ തുടർച്ചയായി ലോകകപ്പ് വേദി അനുവദിച്ചതിൽ പ്രതിഷേധിച്ച് അർജന്റീനയും ഉറുഗ്വെയും ലോകകപ്പ് ബഹിഷ്‌കരിച്ചു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് 1942ലും 1946ലും ലോകകപ്പ് മത്സരങ്ങൾ നടന്നില്ല. 58ൽ പക്ഷെ കളി മാറി. ലോകകപ്പിലെ ഇസ്രയേലിന്റെ സാന്നിദ്ധ്യത്തിൽ പ്രതിഷേധിച്ച് തുർക്കിയും ഇന്തോനേഷ്യയും ഈജിപ്തും സുഡാനും യോഗ്യതാ റൗണ്ട് ബഹിഷ്‌കരിച്ചു. പിന്നീട് 1966ൽ ഫിഫയുടേത് ചിറ്റമ്മനയമെന്ന് ആരോപിച്ച് ആഫ്രിക്കൻ വൻകര മുഴുവൻ ലോകകപ്പ് ബഹിഷ്‌കരിച്ചു. 1970ൽ പിന്നെയും ഇസ്രയേൽ സാന്നിദ്ധ്യം പ്രശ്നമായി. ഏഷ്യൻ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയ ഇസ്രയേലുമായി കളിക്കാൻ ദക്ഷിണകൊറിയ വിസമ്മതിച്ചു.1974ൽ ജനറൽ പിനാഷെയുടെ ചിലിയുമായി കളിക്കാൻ പശ്ചിമ ജർമ്മനി വിസമ്മതിച്ചായിരുന്നു ആ ലോകകപ്പിലെ രാഷ്ട്രീയ സംഭവം.1978ലെ അർജന്റീന ലോകകപ്പ് രാജ്യത്തെ ആഭ്യന്തര പ്രശ്നത്തിന്റെ പേരിൽ ലോകശ്രദ്ധ നേടി. 86ലെ ലോകകപ്പ് മത്സരത്തെ സാക്ഷാൽ മറഡോണ തന്നെ വിശേഷിപ്പിച്ചത്, അത് മത്സരമായിരുന്നില്ല, അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ യുദ്ധമായിരുന്നുവെന്നാണ്. 1998ൽ ഫ്രാൻസിലെ ലോകകപ്പ് വേദി ഇറാൻ അമേരിക്ക കലഹം കൊണ്ടും ശ്രദ്ധ നേടി. 2010ലാണ് മറ്റൊരു ശ്രദ്ധേയമായ രാഷ്ട്രീയ വൈര്യത്തിന് ലോകകപ്പ് വേദിയാകുന്നത്. യോഗ്യതാ റൗണ്ടിൽ ദക്ഷിണ, ഉത്തര കൊറിയകൾ ഏറ്റുമുട്ടണം. പക്ഷെ ദക്ഷിണകൊറിയയിൽ ഉത്തരകൊറിയൻ ദേശീയഗാനം പാടാനോ ദേശീയപതാക ഉയർത്താനോ അനുവദിച്ചില്ല. അതോടെ വേദി മാറ്റേണ്ടി വന്നു. 2014ൽ ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൂസഫിന്റെ പ്രതിഛായക്കേറ്റ മങ്ങൽ പരിഹരിക്കാനാവുമെന്ന് കരുതിയ ലോകകപ്പായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചും. അവിടെ നിന്ന് റഷ്യയിലേക്കെത്തുമ്പോഴും കാര്യങ്ങൾ അത്ര പന്തിയല്ലായിരുന്നു. വേദിക്കായി കോഴകൊടുത്തുവെന്ന ആരോപണം മുതൽ വേദിക്കായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ പിന്തള്ളാൻ റഷ്യൻ ഹാക്കർമാർ നടത്തിയ ഇടപെടൽ വരെ വിവാദമായി.

മനുഷ്യൻ ഇത്ര അഭിനിവേശത്തോടെ ഇടപെടുന്ന കാൽപന്ത് കളിയിലും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭക്കൊതിയുടെ കച്ചവടതാത്പര്യങ്ങൾ കടന്ന് കൂടിയിട്ടുണ്ട്. കളിക്കാരുടെ മികവിനൊപ്പം അവരുടെ പ്രശസ്തിക്കുമനുസരിച്ച് അവർക്ക് ലഭിക്കുന്ന പ്രതിഫലം ഡോളറിൽ നിന്നും യൂറോയിൽ നിന്നും പൗണ്ടിൽ നിന്നുമൊക്കെ നമ്മുടെ രൂപയിലേക്ക് ചിന്തിക്കുമ്പോഴാണ് അതിന്റെ വലിപ്പം കണ്ട് നമ്മൾ അത്ഭുതം കൂറുന്നത്. ലാഭക്കൊതി, വാണിജ്യവത്ക്കരണം എന്നൊക്കെ പറഞ്ഞ് വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും ഫുട്‌ബോൾ അടക്കമുള്ള പല കായിക വിനോദങ്ങളുടെയും നിലനിൽപ്പിന്റെ ആധാരം തന്നെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ആണെന്ന യാഥാർത്ഥ്യം മറന്നുകൂടാ. ലോകകപ്പായാലും വൻകര ചാമ്പ്യൻഷിപ്പുകളായാലും അതെല്ലാം വിജയകരമായി നടത്തണമെങ്കിൽ ഫിഫയും യുവേഫയുമൊക്കെ ആശ്രയിക്കുന്നത് കോർപ്പറേറ്റ് സ്ഥാപനങ്ങളെ തന്നെയാണ്.

കടപ്പാട്: പന്ന്യൻ രവീന്ദ്രൻ, ദി ബോൾ ഈസ് റൗണ്ട്.