crime

കോഴിക്കോട്: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വിവിധ പരാതികളിൽ അദ്ധ്യാപകൻ അറസ്‌റ്റിൽ.അത്തോളി കൊടശേരി തോട്ടോളി സ്വദേശിയായ അബ്‌ദുൾ നാസർ (52) എന്നയാളാണ് പിടിയിലായത്. ആൺകുട്ടികളെയും ഇവരുടെ സുഹൃത്തുക്കളായ പെൺകുട്ടികളെയും ഇയാൾ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു എന്നുള‌ള പരാതികളിലാണ് അറസ്‌റ്റ്.

സംഭവത്തിന് പിന്നാലെ ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചു. തുടർന്ന് ഏലത്തൂർ സ്‌റ്റേഷനിൽ ഹാജരായ ഇയാളെ സ്‌റ്റേഷൻ ഇൻസ്‌പെ‌ക്‌ടർ എ.സായൂജ് കുമാർ അറസ്‌റ്റ് ചെയ്‌തു. ചൈൽഡ്‌ലൈൻ ഈ കുട്ടികളിൽ നടത്തിയ കൗൺസിലിംഗിലാണ് വിവരം പുറത്തുവന്നത്. അറസ്‌റ്റിലായ അബ്‌ദുൾ നാസറിനെ കോടതിയിലേക്ക് ഹാജരാക്കി. കൂടുതൽ വിദ്യാർത്ഥികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കുട്ടികൾ നൽകുന്ന വിവരം. ഇക്കാര്യം ഉറപ്പിക്കാൻ അബ്‌ദുൾ നാസർ പഠിപ്പിച്ച കൂടുതൽ കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കാനാണ് ചൈൽഡ് ലൈൻ തീരുമാനം.