
കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടുകൂടി ജപ്പാൻ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതാണ് ജപ്പാനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഒഴുകി എത്തുന്ന സഞ്ചാരികളെ സ്വീകരിക്കാനും അവരുടെ ക്ഷേമപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും മതിയായ ജീവനക്കാർ ഇല്ലാത്തതാണ് പ്രശ്നം. കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ നിന്നും 30 ശതമാനം വർദ്ധനവാണ് സഞ്ചാരികളുടെ കാര്യത്തിൽ ജപ്പാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നേരത്തെ അമേരിക്കയും യൂറോപ്പും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. ഒക്‌ടോബർ 11ന് ആണ് കൊവിഡ് നിയന്ത്രണങ്ങളെല്ലാം മാറ്റി പൂർണമായും രാജ്യത്തെ വിനോദ സഞ്ചാര മേഖല ജപ്പാൻ തുറന്നുകൊടുത്തതത്. തുടർന്ന് ശരവേഗത്തിൽ വിമാനടിക്കറ്റുകളും ഹോട്ടൽ മുറികളും ബുക്കിംഗ് കൊണ്ട് നിറയുകയായിരുന്നു.
ഒരു മാസം കൊണ്ട് 498,600 സഞ്ചാരികളാണ് ജപ്പാൻ സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് ഇത് 24 മടങ്ങ് അധികമാണ്. അടുത്ത രണ്ട് വർഷത്തേക്ക് തങ്ങൾ ഇനി ബുക്കിംഗ് സ്വീകരിക്കില്ലെന്നാണ് ഒരു ട്രാവൽ ഏജൻസി പ്രതികരിച്ചത്. സ്‌റ്റാഫിനെ കിട്ടാത്തതുകൊണ്ട് കോളേജ് വിദ്യാർത്ഥികളെ പോലും പറയുന്ന തുക നൽകി ഡ്രൈവർമാരാക്കുകയാണ് ഡൈവ മോട്ടോർ എന്ന ടാക്‌സി കമ്പനി ചെയ‌്തത്. വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി വമ്പനൊരു ഓഫറും കമ്പനി മുന്നോട്ടു വച്ചിട്ടുണ്ട്. എംബിഎ പഠനത്തിനാവശ്യമായ ചെലവ് തങ്ങൾ വഹിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.