goat

മഴക്കാലത്ത് മനുഷ്യർ റെയിൻകോട്ട് ധരിച്ച് പുറത്തുപോകുന്നത് സ്വാഭാവികമാണ്. എന്നാൽ മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും മഴ ബുദ്ധിമുട്ട് തന്നെയാണ്. ഇത് മനസിലാക്കി മഴക്കാലത്ത് തന്റെ ആടുകൾ നനയാതിരിക്കാൻ ചാക്കുകൊണ്ട് മഴക്കോട്ട് ഉണ്ടാക്കിയിരിക്കുകയാണ് ഒരു കർഷകൻ. തമിഴ്നാട് തഞ്ചാവൂരിലെ കുളമംഗലം ഗ്രാമത്തിലെ ഗണേശൻ എന്ന കർഷകനാണ് തന്റെ ഫാമിലെ ആടുകൾക്ക് മഴക്കോട്ടുണ്ടാക്കിയത്. 70കാരനായ ഗണേശന്റെ ഫാമിൽ ആടുകളെ കൂടാതെ ധാരാളം പശുക്കളും കോഴികളുമുണ്ട്.

ഫാമിലെ മൃഗങ്ങളെ സ്വന്തം മക്കളെ പോലെയാണ് ഗണേശൻ കാണുന്നത്. കാലവർഷമായതിനാൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ആടുകൾ നനയുമ്പോൾ അതിന് തണുപ്പും വിറയലും അനുഭവപ്പെടുന്നതായി ഗണേശൻ മനസിലാക്കി. ഇത് ഒഴിവാക്കാനായി പ്ലാസ്റ്റിക്ക് അരി ചാക്കുകൾ റെയിൻകോട്ടാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിലുള്ളവർ ഇത് കണ്ട് ആദ്യം അമ്പരന്നെങ്കിലും ഗണേശന് ആടുകളോടുള്ള കരുതലിനെ അവർ അഭിനന്ദിച്ചു.