
ഇന്നലകളുടെ ഓർമ്മകളും പേറിയുള്ള അണുകുടുംബങ്ങളുടെ കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ കൂട്ടുകുടുംബത്തിന്റെ തണലിൽ കഴിയുന്ന ഈ 72 പേരുടെ ജീവിതം ബി ബി സി രണ്ടാഴ്ച മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. വ്യാപാരത്തിലും ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കൂട്ടുകുടുംബത്തിലെ വിശേഷങ്ങൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളെയാണ് ആകർഷിച്ചത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് ഈ കൂട്ടുകുടംബം താമസിക്കുന്നത്.
പ്രതിദിനം 10 ലിറ്റർ പാൽ
72 അംഗങ്ങളുള്ള കൂട്ടുകുടുംബത്തിന് ഒരു ദിവസത്തേയ്ക്ക് വേണ്ടത് പത്ത് ലിറ്റർ പാലാണ്. ഒരു നേരത്തെ ആഹാരം ഉണ്ടാക്കണമെങ്കിൽ 1000 - 1200 രൂപയുടെ പച്ചക്കറികൾ അടുക്കളയിലേക്ക് എത്തേണ്ടി വരും. ഇനി നോൺ വെജ് ആഹാരമാണ് തയ്യാറാക്കേണ്ടതെങ്കിൽ പച്ചക്കറിയ്ക്ക് വേണ്ട ചെലവിന്റെ നാലിരട്ടി വേണ്ടി വരും. നാല് തലമുറയിലുള്ള ആളുകൾ ഒരു മേൽക്കൂരയുടെ കീഴിൽ ഈ വീട്ടിൽ താമസിക്കുന്നുണ്ട്. ഇപ്പോൾ മഹാരാഷ്ട്രക്കാരാണെങ്കിലും കുടുംബത്തിന്റെ വേരുകൾ കർണാടകയിലാണുള്ളത്. നൂറ് വർഷം മുൻപാണ് പൂർവികർ മഹാരാഷ്ട്രയിലേക്ക് ചേക്കേറിയത്.