kid

മക്കൾ ഒന്നും പഠിക്കുന്നില്ലെന്നും, മാർക്ക് കുറവാണെന്നുമൊക്കെ പറഞ്ഞ് വേവലാതിപ്പെടുന്ന നിരവധി മാതാപിതാക്കൾ ഉണ്ട്. ചിലരാകട്ടെ മാർക്കുകുറഞ്ഞതിന്റെ പേരിൽ കുട്ടിയെ വഴക്കുപറയുകയും അടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ചില കാര്യങ്ങൾ ചെയ്താൽ പഠനം എളുപ്പമാക്കാം.


പഠനമുറി ഒരുക്കുന്ന കാര്യത്തിൽ ശ്രദ്ധവേണമെന്നതാണ് ആദ്യ കാര്യം. സാധനങ്ങൾ വാരിവലിച്ചിട്ട ഒരിടത്ത് ഇരുന്ന് പഠിക്കുമ്പോൾ അത് കുട്ടിയുടെ ശ്രദ്ധയെ ബാധിക്കും. പഠിക്കുന്ന മേശയും കസേരയും മുറിയുമൊക്കെ വൃത്തിയുള്ളതായിരിക്കണം. കിടക്കയിലിരുന്ന് പഠിക്കാൻ സമ്മതിക്കരുത്.

പഠിച്ച കാര്യങ്ങളൊക്കെ ഓർത്തെടുത്ത് എഴുതാൻ ശ്രമിക്കുകയാണ് അടുത്ത വഴി. വെറുതെയിരിക്കുമ്പോൾ പഠിച്ചതൊക്കെ ഓർത്തെടുക്കാൻ ശ്രമിക്കുകയും വേണം. കണക്ക് വായിച്ചുപഠിക്കുന്നതിനേക്കാൾ ചെ‌യ്തുപഠിക്കുന്നതായിരിക്കും നല്ലത്.

പരീക്ഷയ്ക്കുവേണ്ടി നേരത്തെതന്നെ ടൈം ടേബിൾ സെറ്റ് ചെയ്യണം. എത്രനേരം പഠിക്കണമെന്നൊക്കെ ഇതിൽ ഉൾപ്പെടുത്തുക. പഠിച്ച കാര്യങ്ങൾ ഓർത്തുവയ്ക്കാൻ നിറങ്ങൾ കൊണ്ടുള്ള ടെക്നിക്കുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന് ഏതെങ്കിലും ഭാഗം പ്രധാനപ്പെട്ടതാണെന്ന് തോന്നുമ്പോൾ അത് കളർ ഉപയോഗിച്ച് ബോക്സിലാക്കാം.

അമിതമായി ഭക്ഷണം കഴിക്കരുത്. പഠിക്കുന്നതിന് മുമ്പ് കട്ടിയുള്ള ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് ഉറക്കംവരാൻ കാരണമാകും. പഠനസമയത്തുള്ള ക്ഷീണം ഒഴിവാക്കാൻ ഇടയ്‌ക്കിടെ വെള്ളം നൽകുക. പഠനത്തിൽ നിന്ന് കുട്ടിയുടെ ശ്രദ്ധ മാറ്റുന്ന ഒന്നും ചെയ്യരുത്. ഉദാഹരണത്തിന് പഠിക്കുന്ന കുട്ടിയുടെ അടുത്ത് ഫോൺ വയ്ക്കരുത്, ഉച്ചത്തിൽ ടിവി വയ്‌ക്കരുത്.