
സഗയ് രാജ്: അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാഷ്ട്രീയ നേതാവിന്റെ പാർട്ടിയെ ചൊല്ലി തർക്കം. കർണാടകയിലെ കൽബുർഗി ജില്ലയിലെ സെഡം ടൗണിന് സമീപത്തായി തിങ്കളാഴ്ച കൊല്ലപ്പെട്ട 64 കാരനായ മല്ലികാർജുന മുതിയാലിന്റെ പാർട്ടി ബന്ധത്തെ കുറിച്ചാണ് ബി ജെ പിയും പൊലീസും തമ്മിൽ തർക്കമുണ്ടായത്. മല്ലികാർജുന മുതിയാൽ നേരത്തെ ജനതാദൾ (സെക്കുലർ) ജെഡിഎസിലായിരുന്നു. എന്നാൽ ഇദ്ദേഹം കൊല്ലപ്പെട്ടതോടെ തങ്ങളുടെ പ്രവർത്തകനാണെന്ന് അവകാശപ്പെട്ട് ബി ജെ പി രംഗത്ത് വരുകയായിരുന്നു. ഇത് പൊലീസ് സൂപ്രണ്ട് ഇഷ പന്ത് അംഗീകരിക്കാഞ്ഞതാണ് തർക്കത്തിന് കാരണം.
അടുത്തിടെ മല്ലികാർജുന തങ്ങളുടെ പാർട്ടിയിൽ ചേർന്നുവെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. മരണദിവസവും ഇയാൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരിപാടിയിൽ പങ്കെടുത്തതായും, ഇതിന് ശേഷം തന്റെ ഇലക്ട്രോണിക്സ് സ്റ്റോറിൽ ഉറങ്ങിക്കിടന്നപ്പോഴാണ് അക്രമികൾ ക്രൂരമായി കൊലപ്പെടുത്തിയതെന്നും ബി ജെ പി നേതാക്കൾ പറയുന്നു. സെഡം ടൗണിലാണ് മല്ലികാർജുനയുടെ ഷോപ്പ് പ്രവർത്തിച്ചിരുന്നത്. കൊലപാതകത്തെ തുടർന്ന് സ്ഥലം എസ്പി ഇഷ പന്ത് ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് നേതൃത്വം നൽകി.