
ന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുൻപാകെ സത്യവാങ് മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. കേസിൽ കക്ഷികളായ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിരുന്നു. നോട്ട് നിരോധനം ന്യായീകരിച്ച് കൊണ്ടാണ് കേന്ദ്രസർക്കാർ കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിട്ടുള്ലത്.
കള്ളപ്പണം നിരോധിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന് കേന്ദ്രസർക്കാർ സത്യവാങ് മൂലത്തിലും ആവർത്തിച്ചു. സർക്കാരിന്റെ ഏകകണ്ഠേനെയുള്ള നടപടിയായിരുന്നില്ല നോട്ട് നിരോധനമെന്നും സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി ആർബിഐയുടെ നിർദേശപ്രകാരമാണ് നടപ്പാക്കിയതെന്നുമാണ് സത്യവാങ് മൂലത്തിലെ വിശദീകരണം. നോട്ട് നിരോധനത്തിന്റെ ആറാം വർഷത്തിലും പൊതുജനത്തിന്റെ പക്കൽ വിനിമയത്തിനായുള്ള നോട്ടുകളുടെ എണ്ണത്തിൽ കുറവില്ല എന്ന റിപ്പോർട്ട് ആർബിഐ തന്നെ പുറത്ത് വിട്ടിരുന്നു. പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു നോട്ട് നിരോധനം എന്ന നിലപാട് തന്നെ ഭരണഘടനാ ബെഞ്ചിന് മുന്നിലും കേന്ദ്രസർക്കാർ ആവർത്തിച്ചു.
ആർബിഐയുടെ കണക്ക് പ്രകാരം പൊതുജനത്തിന്റെ കൈയിൽ 30.83 ലക്ഷം കോടി രൂപയാണ് വിവിധ ആവശ്യങ്ങൾക്കായുള്ളത്. 2016 നവംബറിൽ 17 ലക്ഷം കോടി രൂപയാണ് ആകെ ഉപയോഗത്തിലുണ്ടായിരുന്നത്. ഈ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ 2016-നെ അപേക്ഷിച്ച് 71.84 ശതമാനം വർദ്ധനവാണ് പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വിനിമയത്തിനായുള്ള ആകെ നോട്ടുകളിൽ നിന്ന് ബാങ്കിലുള്ള കറൻസിയുടെ എണ്ണം കുറച്ചതിന് ശേഷമുള്ള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.
നോട്ടുകൾ നിരോധിച്ച് ആറ് വർഷം കഴിഞ്ഞാണ് കേസ് പരിശോധിക്കാൻ സുപ്രീം കോടതി തയ്യാറായത്. ഒറ്റയടിക്ക് നോട്ട് നിരോധിച്ചത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 58 ഹർജികളാണ് നിലവിലുള്ളത്. നിരോധനത്തെ അക്കാഡമിക് വിഷയമായി കാണണമെന്ന അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. . കേസിൽ കേന്ദ്രസർക്കാർ നേരത്തെ സമർപ്പിച്ച സത്യവാങ് മൂലത്തിലെ പിഴവുകൾ കോൺഗ്രസ് നേതാവ് പി ചിദംബരം ഭരണാഘടനാ ബെഞ്ചിന് മുൻപാകെ ചൂണ്ടിക്കാണിച്ചിരുന്നു. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനം നടപ്പാക്കുന്നതിന് ചട്ടങ്ങളും നിയമനിർമ്മാണവും വേണമെന്നും 1978ൽ ഇങ്ങനെയാണ് നോട്ട് നിരോധിച്ചതെന്നും ചൂണ്ടിക്കാട്ടി പാർലമെന്ററി അധികാരം വിനിയോഗിച്ച് കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിലെ അപാകതകൾ അക്കമിട്ട് അദ്ദേഹം കോടതിയെ ധരിപ്പിച്ചു . തുടർന്നാണ് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.