
ഓരോ ഫുട്ബാൾ ലോകകപ്പും ഒരുപിടി താരോദയങ്ങളുടെ വേദി കൂടിയാണ്. കൗമാരം കടക്കും മുന്നേ ലോകത്തെ ഏറ്റവും വലിയ കായിക വിനോദമായ കാല്പന്തുകളിയുടെ ആഗോളസംഗമ വേദിയിൽ അരങ്ങേറി ഇതിഹാസങ്ങളായി മാറിയ താരങ്ങൾ നിരവധിയുണ്ട്. ഇത്തവണ ഖത്തറിലെ പുൽമൈതാനങ്ങളെ തീപിടിപ്പിക്കാനെത്തുന്ന അഞ്ച് പയ്യൻമാരെ പരിചയപ്പെടാം...
യൂസഫ മൗക്കോക്കോ
(ജർമനി, ഫോർവേഡ്)
(17 വയസ്, 2004 നവംബർ 20)
ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന് വിശേഷിപ്പിക്കാം ജർമൻ വണ്ടർ കിഡ് യൂസഫ മൗക്കോക്കയെ. ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ദിനമായ ഇരുപതിനാണ് താരത്തിന് 18 വയസ് തികയുകയുന്നത്. ക്ലബ് തലത്തിൽ ബൊറൂഷ്യ ഡോർട്ടുമുണ്ടിനായി പുറത്തെടുക്കുന്ന മിന്നും പ്രകടനവും ജർമൻ അണ്ടർ 21 ടീമിലെ ഗോളടി മികവുമാണ് ദേശീയ സീനിയർ ടീമിനായി ഒരു മത്സരം പോലും കളിച്ചിട്ടില്ലെങ്കിലും മക്കോക്കോയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ ജർമൻ കോച്ച് ഹാൻസ് ഫ്ലിക്കിനെ പ്രേരിപ്പിച്ചത്. കാമറൂണിൽ ജനിച്ച മക്കോക്ക 2014ൽ ആണ് ജർമനിയിൽ എത്തുന്നതും ബൊറൂഷ്യയുടെ അക്കാഡമിയിൽ ചേരുന്നതും. ബുണ്ടസ് ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് മക്കോക്കയുടെ പേരിലാണ്. 16-ാം വയസ് തികഞ്ഞതിന് പിറ്റേദിവസമായിരുന്ന ഗോളടി വീരനായ മക്കോക്കയുടെ ബുണ്ടസ്‌ലിഗ അരങ്ങേറ്റം. ജമൻ മുന്നേറ്റ നിരയിലെ വമ്പൻമാരെ മറികടന്ന് ലോകകപ്പിൽ പന്തുതട്ടാൻ മക്കോക്കയ്ക്ക് അവസരം ലഭിക്കുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
ഗാവി
(സ്പെയിൻ, മിഡ്ഫീൽഡർ)
(18 വയസ്, 2004 ആഗസ്റ്റ് 5)
പതിനെട്ട് കടക്കുന്നതിന് മുന്നേ ഫുട്ബാൾ ലോകത്ത് സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞ താരമാണ് സ്പാനിഷ് സെൻസേഷൻ ഗാവി. സ്‌പെയിനിന്റെയും ലോകോത്തര ക്ലബായ ബാഴ്സലോണയുടേയും പ്രധാന താരമായി ഇതിനകം തന്നെ ഈ സെൻട്രൽ മിഡിഫീൽഡർ മാറിക്കഴിഞ്ഞു. മദ്ധ്യനിരയിൽ കളിനിയന്ത്രിക്കുന്നതിലും ഗെയിം മനസിലാക്കുന്നതിലും പ്രായത്തിൽ കവിഞ്ഞ മികവ് പ്രകടിപ്പിക്കുന്ന ഗാവി ഖത്തറിൽ സ്‌പെയിനിന്റെ വജ്രായുധം തന്നെയാണ്. ഇത്തവണത്തെ ഏറ്രവും മികച്ച യുവതാരത്തിനുള്ള ബാലോൺ ഡി ഓർ കോപ ട്രോഫി നേടിയത് ഗാവിയാണ്. ബാഴ്സയ്ക്കായി 42 മത്സരങ്ങളും സ്പെയിനായി 12 മത്സരങ്ങളും കളിച്ചു കഴിഞ്ഞു.
ഗരംഗ് കുയോംഗ്
(ഓസ്ട്രേലിയ, ഫോർവേഡ്)
(18 വയസ്, 2004 സെപ്തംബർ 15)
ആറാം വയസിൽ ദക്ഷിണ സുഡാനിൽ നിന്ന് അഭായാർത്ഥിയായി ഓസ്ട്രേലിയയിൽ എത്തിയ ഗരംഗ് കുയോംഗ് പന്ത്രണ്ട് വർഷത്തിനിപ്പുറം തനിക്ക് ജീവിതം നൽകിയ രാജ്യത്തിന്റെ ഫുട്ബാൾ ലോകകപ്പ് പ്രതീക്ഷകൾക്ക് വർണം ചാർത്തുകയാണ്. ഓസ്ട്രേലിയൻ ക്ലബ് സെൻട്രൽ കോസ്റ്റൽ മറൈൻസിനായി പ്രൊഫഷണൽ ഫുട്ബാളിൽ പന്തുതട്ടത്തുടങ്ങിയ കുയോംഗ് നിലവിൽ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബ് ന്യൂകാസിലുമായി കരാറിലായിക്കഴിഞ്ഞു. കഴിഞ്ഞ സെപ്തംബറിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ഓസ്ട്രേലിയൻ ജേഴ്സിയിൽ അരങ്ങേറ്റം.
ജെവിസൺ ബെന്നറ്റേ
(കോസ്റ്ററിക്ക, വിംഗർ)
(18 വയസ്,15 ജൂൺ 2004)
യുവതാരങ്ങൾ നിരവധിയുള്ള കോസ്റ്റ റിക്ക ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് ജെവിസൺ ബെന്നറ്റേയെന്ന പതിനെട്ടുകാരൻ. കോസ്റ്ററിക്കയ്ക്ക് ഇത്തവണ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ഇന്റർകോണ്ടിനെന്റൽ പ്ലേഓഫിലുൾപ്പെടെ അവസാന മത്സരങ്ങളിൽ മിന്നും പ്രകടനം നടത്തി നിർണായക പങ്കുവഹിച്ച താരമാണ് ബെന്നറ്റേ. കോസ്റ്റാറിക്കയ്ക്കായി 7 മത്സരങ്ങൾ കളിച്ചിട്ടുള്ള ബെന്നറ്റേ 2 വീതം ഗോളും അസിസ്റ്റും രാജ്യത്തിനായി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ് സണ്ടർലാൻഡിന്റെ താരമായ ബെന്നറ്റേ ഈ സീസണിൽ ക്ലബിനായി 16 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും ഒരു അസിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.
ബിലാൽ എൽ ഖന്നൗസ്
(മൊറോക്കോ, മിഡ്ഫീൽഡർ)
(18 വയസ്, 2004 മേയ് 10)
ബൽജിയത്തിനായി അണ്ടർ 18 തലം വരെ കളിച്ച ശേഷമാണ് മൊറോക്കായ്ക്കായി കളിക്കാൻ ബിലാൽ എൽ ഖന്നൗസ് തീരുമാനിക്കുന്നത്. ബൽജിയൻ ക്ലബ് ജൻകിനായി പുറത്തെടുക്കുന്ന കളിമികവാണ് ഈ അറ്റാക്കിംഗ് മിഡ്ഫീൽഡറെ മൊറോക്കോയുടെ ലോകകപ്പ് സ്ക്വാഡിൽ എത്തിച്ചത്. മൊറോക്കോയുടെ അണ്ടർ 20,23 ടീമുകളിൽ നേരത്തേ ബിലാൽ കളിച്ചിട്ടുണ്ട്.